Type Here to Get Search Results !

Bottom Ad

സൗദി സഖ്യത്തിന്റെ ഭീഷണി സ്വീകാര്യമല്ല -ശൈഖ് സെയ്ഫ്


ദോഹ: (www.evisionnews.co) പ്രത്യേക സ്ഥാനത്തിന് വേണ്ടി രാജ്യത്തെ ഭീഷണിപ്പെടുത്താന്‍ ഉപരോധം ഏര്‍പ്പെടുത്തുകയല്ല വേണ്ടതെന്നും ഉപരോധം പിന്‍വലിക്കുകയാണ് സൗദി സഖ്യം ആദ്യം ചെയ്യേണ്ടതെന്നും ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫീസ് ഡയറക്ടര്‍ ശൈഖ് സെയ്ഫ് ബിന്‍ അഹമ്മദ് അല്‍താനി.
ഭീഷണി സ്വീകാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തികള്‍ക്കായാലും സംഘടനകള്‍ക്കായാലും തീവ്രവാദത്തിന് ഖത്തര്‍ ധനസഹായം നല്‍കുന്നില്ല. അകലെനിന്നായാലും അടുത്തുനിന്നായാലും എന്തുതന്നെയായാലും ശരി ഖത്തര്‍ തീവ്രവാദത്തിന് സഹായധനം ചെയ്യുന്നില്ലെന്ന് ശൈഖ് സെയ്ഫ് ആവര്‍ത്തിച്ച് വ്യക്തമാക്കി. 
ലോസ് ആഞ്ജലിസ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് രാജ്യത്തിന്റെ നിലപാടുകള്‍ ശൈഖ് സെയ്ഫ് വ്യക്തമാക്കിയത്. സൗദി സഖ്യത്തിന്റെ ഉപരോധത്തിന്റെ പ്രധാനകാരണം അഭിപ്രായവ്യത്യാസങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്ന വ്യക്തികളേയും പാര്‍ട്ടികളേയും ഖത്തര്‍ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
സംവാദത്തിലൂടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ രാജ്യം സന്നദ്ധമാണ്. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തേയും ഹനിക്കുന്ന ഒന്നിനും തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചചെയ്യാന്‍ രാജ്യം തയ്യാറാണ്. 
   ഹമാസിനല്ല പലസ്തീന്‍ ജനതയ്ക്കാണ് രാജ്യം പിന്തുണനല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പലസ്തീന്‍ ജനതയ്ക്ക് നല്‍കുന്ന എല്ലാസഹായങ്ങളും ഐക്യരാഷ്ടസഭയുടെ സഹകരണത്തോടെയാണ്. 120 കോടി റിയാല്‍ ചെലവിട്ടാണ് ഗാസ പുനര്‍നിര്‍മിക്കുന്നത്. അടിസ്ഥാനസൗകര്യ വികസനങ്ങളാണ് ഗാസയില്‍ ഖത്തര്‍ നടത്തുന്നത്. 
ചിലസമയങ്ങളില്‍ ഗാസ സര്‍ക്കാരിന് വേതനം നല്‍കുന്നുണ്ട്. അവയെല്ലാം യു.എന്‍. വഴിയും സര്‍ക്കാര്‍ ഘടനയിലൂടെയുമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. മുസ്ലിം ബ്രദര്‍ഹുഡുമായി ഖത്തറിന് ഒരു ബന്ധവുമില്ല. ഇറാഖി സര്‍ക്കാരിന്റെയും സുരക്ഷാവിഭാഗത്തിന്റെയും സഹകരണത്തോടെയാണ് ഖത്തറി പൗരന്മാരെ മോചിപ്പിക്കാന്‍ പണം നല്‍കിയതെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad