Type Here to Get Search Results !

Bottom Ad

കൈയേറ്റം തെളിഞ്ഞാല്‍ തോമസ് ചാണ്ടിക്കും അന്‍വറിനുമെതിരെ നടപടി സ്വീകരിക്കും:റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍

കോട്ടയം:(www.evisionnews.co) മന്ത്രി തോമസ് ചാണ്ടി, എംഎല്‍എ പിവി അന്‍വര്‍ എന്നിവര്‍ക്കെതിരായ ഭൂമികൈയേറ്റം ആരോപണം തെളിയിക്കപ്പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ഇരുവര്‍ക്കും എതിരെ നടന്ന അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചെന്നും അത് പരിശോധിച്ച് വരികയാണെന്നും ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
തോമസ് ചാണ്ടിക്കും പിവി അന്‍വറിനും എതിരായ ആരോപണങ്ങളിലെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. അത് വിശദമായി പരിശോധിച്ച് വരികയാണ്. വിഷയത്തില്‍ മുന്‍വിധികളില്ല. കൈയേറ്റം തെളിഞ്ഞാല്‍ കര്‍ശനമായ നടപടി സ്വീകരിക്കും. റവന്യൂമന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ ഇരുജില്ലകളിലേയും കളക്ടര്‍മാരോട് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തോമസ് ചാണ്ടിക്കെതിരായ ആരോപണത്തെ തുടര്‍ന്ന് റവന്യൂമന്ത്രി നേരത്തെ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. തുടര്‍ന്ന് റവന്യൂവകുപ്പ് അധികൃതര്‍ റിസോര്‍ട്ടില്‍ പരിശോധന നടത്തി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതില്‍ തോമസ് ചാണ്ടി കൈയേറ്റം നടത്തിയിട്ടില്ലെന്നാണ് സൂചിപ്പിക്കുന്നത്.
ഭൂമി കൈയേറിയെന്ന ആരോപണം നേരിടുന്ന ഗതാഗതമന്ത്രിയെയും നിലമ്പൂര്‍ എംഎല്‍എയേയും പൂര്‍ണമായും സംരക്ഷിക്കുന്ന നിലപാടാണ് എല്‍ഡിഎഫ് ഇതുവരെ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസവും സിപിഐഎം സംസ്ഥാന സെക്രട്ടറി തോമസ് ചാണ്ടിയ്ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. തോമസ് ചാണ്ടിക്കെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന. മുഖ്യമന്ത്രിയാകട്ടെ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad