Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് 70 ബാറുകൾ കൂടി തുറക്കും; സംസ്ഥാനപാതകൾ ഡീനോട്ടിഫൈ ചെയ്യും.

തിരുവനന്തപുരം:(www.evisionnews.co) സംസ്ഥാനത്തു കൂടുതൽ ബാറുകൾ തുറക്കാൻ വഴിയൊരുക്കി സംസ്ഥാന പാതകൾ ഡീനോട്ടിഫൈ ചെയ്യാൻ മന്ത്രിസഭാ തീരുമാനം. 500 മീറ്റർ ദൂരപരിധിയിൽ മദ്യവിൽപ്പന നിരോധിച്ച സുപ്രീം കോടതി വിധി മറികടക്കുന്നതിനാണിത്. നഗരപരിധിയിലെ സംസ്ഥാനപാതകൾ ഡീനോട്ടിഫൈ ചെയ്യാനാണു തീരുമാനം. പ്രാഥമിക കണക്കുകൾ പ്രകാരം, ഇതുമൂലം 129 ബീയർ – വൈൻ പാലറുകൾ തുറക്കാനാകും. ഇതിൽ ത്രീസ്റ്റാർ പദവിക്കു മുകളിലുള്ള 70 എണ്ണം ബാറുകളായി മാറും. 76 കള്ളുഷാപ്പുകൾ, 10 മദ്യവിൽപ്പനശാലകൾ, നാലു ക്ലബുകൾ എന്നിവയും തുറക്കാൻ വഴിയൊരുങ്ങും.



മറ്റു സംസ്ഥാനങ്ങൾ നഗരഭാഗങ്ങളിൽ പാതകളുടെ പേരു മാറ്റുകയും അനുകൂല കോടതി വിധി സമ്പാദിക്കുകയും ചെയ്ത സാഹചര്യത്തിലാണു കേരളത്തിന്റെ നീക്കം. പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങൾ ദേശീയ പാതകളുടെ പേരു മാറ്റുന്നതിനായി സ്വീകരിച്ച നടപടിക്രമങ്ങൾ കേരളം പരിശോധിച്ചിരുന്നു. ഇതിന്റെയെല്ലാം രേഖകളും ശേഖരിച്ചു.

റോഡപകടങ്ങൾ വർധിച്ചതിനെത്തുടർന്ന് 2016 ഡിസംബർ 15നാണ് സുപ്രീം കോടതി വിധി വരുന്നത്. ഇതിനെ മറികടക്കാൻ ചില സംസ്ഥാനങ്ങൾ പാതകളുടെ പേരു മാറ്റി. ഇതിനെതിരെയുള്ള കേസ് സുപ്രീം കോടതിയിലെത്തിയപ്പോൾ സംസ്ഥാനങ്ങളുടെ നടപടിയിൽ ഇടപെടില്ലെന്നു കോടതി വ്യക്തമാക്കിയിരുന്നു. ദേശീയ പാതകൾ നഗരപരിധിയിൽ ആകുമ്പോൾ ട്രാഫിക് വേഗം കുറവാണെന്നും അതിനാൽ തന്നെ പാതകളെ പുനർനാമകരണം ചെയ്യുന്നതിൽ തെറ്റില്ലെന്നും കോടതി പറഞ്ഞു.

എന്നാൽ, ഉത്തരവ് അസാധുവാക്കാൻ മാത്രമാണോ പുനർനാമകരണമെന്നു പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നടപടികൾക്കെതിരെ ആരെങ്കിലും കോടതിയെ സമീപിച്ചാലും അനുകൂല വിധിയുണ്ടാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ
Tags

Post a Comment

0 Comments

Top Post Ad

Below Post Ad