തിരുവനന്തപുരം:(www.evisionnews.co) സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്കു സുപ്രീംകോടതി നിയമിച്ച കമ്മിറ്റി നിർണയിച്ച ശമ്പളം നൽകണമെന്നു സംസ്ഥാന സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥതല സമിതിയുടെ ശുപാർശ. സംസ്ഥാനങ്ങളിലെ 200 കിടക്കകൾക്കു മുകളിലുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്കു സർക്കാർ നഴ്സുമാരുടെ ശമ്പളം നൽകണമെന്നും 50 കിടക്കകൾവരെയുള്ള ആശുപത്രികളിലെ നഴ്സുമാർക്ക് 20,000 രൂപ ശമ്പളം നൽകണമെന്നുമാണു കമ്മിറ്റി നിർദേശിച്ചിരുന്നത്.
ശുപാർശ നടപ്പായാലുള്ള ശമ്പള ഘടന: 50 കിടക്കകൾവരെ– 20,000 രൂപ, 50 മുതൽ 100 വരെ കിടക്കകൾ– 20,900 രൂപ. 100 മുതൽ 200 വരെ കിടക്കകൾ– 25,500 രൂപ, 200നു മുകളിൽ കിടക്കകൾ– 27,800 രൂപ. ട്രെയിനി നിയമനത്തെ നഴ്സുമാരുടെ സംഘടനകൾ എതിർക്കുന്നുണ്ട്. എന്നാൽ ട്രെയിനി കാലാവധി ഒരു വർഷമായി നിജപ്പെടുത്തണമെന്നു ശുപാർശ ചെയ്തതായാണു വിവരം. റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിച്ചു.
നഴ്സുമാരുടെ ശമ്പളം സംബന്ധിച്ചു ശുപാർശകൾ നൽകാൻ തൊഴിൽ അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനും ആരോഗ്യ അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ്, ലേബർ കമ്മിഷണർ കെ.ബിജു എന്നിവർ അംഗങ്ങളുമായ സമിതിയെ നിയോഗിക്കുകയായിരുന്നു.
Post a Comment
0 Comments