കൊച്ചി: (www.evisionnews.co)തന്റെ മകള്‍ എസ്എഫ്‌ഐയില്‍ ചേര്‍ന്നെന്ന വ്യാജവ്യാര്‍ത്തയ്‌ക്കെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ എംഎല്‍എ രംഗത്ത്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ മകളെ വലിച്ചിഴയ്ക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും വിഡി സതീശന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
ഞാന്‍ ബിജെപിയില്‍ ചേര്‍ന്നെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവരാണ് ഇതിന് പിന്നില്‍. അവരൊന്നറിയണം, ഞാന്‍ ഈ പോസ്റ്റ് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ മതേതര നിലപാട് ശക്തമായി ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ ഹിന്ദു ഐക്യവേദിക്കാര്‍ എന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയാണ്. പോസ്റ്റുകള്‍ വായിച്ചിട്ട് ഒന്നുമാലോചിക്കാതെ അത് പ്രചരിപ്പിച്ചവര്‍, അത് ശരിയായിരുന്നോ എന്ന് അവരുടെ സ്വന്തം മനസ്സാക്ഷിയോട് ചോദിക്കട്ടെ. പോസ്റ്റില്‍ പറയുന്നു.
വിഡി സതീശന്‍ എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എന്റെ മകള്‍ എസ്എഫ്‌ഐയില്‍ ചേര്‍ന്നു എന്ന വ്യാജ പ്രചരണം ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ്. ഇത് ശുദ്ധ അസംബന്ധമാണ്. അവള്‍ കോളെജിലെ കെഎസ്‌യു പ്രവര്‍ത്തകയാണ്. നേതാവല്ല. കോളേജിലെ കെഎസ്‌യു. യൂണിറ്റ് ജനസേവ ശിശുഭവനില്‍ കുട്ടികള്‍ക്ക് സൗജന്യമായി ട്യൂഷ്യന്‍ എടുക്കുവാന്‍ പോയപ്പോള്‍ അവള്‍ ആ ടീമിലെ വോളണ്ടിയറായിരുന്നു. സത്യമിതായിരിക്കെ എന്നെ അപകീര്‍ത്തിപ്പെടുത്തുവാന്‍ എന്റെ മകളെ വലച്ചിഴക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.
ഞാന്‍ ബിജെപിയില്‍ ചേരുന്നു എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ തന്നെയാണ് ഇതിനു പിന്നിലെന്ന് എനിക്കറിയാം. അവരൊന്നറിയണം, ഞാനിതെഴുതി കൊണ്ടിരിക്കുമ്പോള്‍, മതേതര നിലപാട് ശക്തിയായി ഉയര്‍ത്തിപ്പിടിച്ചതിനെതിരെ ഹിന്ദു ഐക്യവേദിക്കാര്‍ എന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി കൊണ്ടിരിക്കുകയാണ്. പോസ്റ്റുകള്‍ വായിച്ചിട്ട് ഒന്നുമാലോചിക്കാതെ അത് പ്രചരിപ്പിച്ചവര്‍, അത് ശരിയായിരുന്നോ എന്ന് അവരുടെ സ്വന്തം മനസ്സാക്ഷിയോട് ചോദിക്കട്ടെ!
Post a Comment
0 Comments