ആലപ്പുഴ:(www.evisionnews.co)ബിജെപി – ബിഡിജെഎസ് ബന്ധത്തിൽ വിള്ളൽ വ്യക്തമാക്കി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിഡിജെഎസ് എൻഡിഎ ബന്ധം ഉപേക്ഷിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ബിജെപി സ്വകാര്യ കമ്പനിയായി മാറി. ഗ്രൂപ്പും കോഴയും മാത്രമേ അതിലുള്ളൂ. ബിഡിജെഎസ് ഇടതുമുന്നണിയിൽ ചേരണം. അവരാണ് ബിഡിജെഎസിനു പറ്റിയ മുന്നണി. ഇതിനു സിപിഎം അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി – ബിഡിജെഎസ് ബന്ധം കാര്യമായി മുന്നോട്ടുപോകാത്ത സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ നിലപാട്.
നിയമസഭാ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബിജെപിക്കും എൻഡിഎ മുന്നണിക്കും നിർണായകമായ സ്വാധീനമുണ്ടാക്കാൻ ബിഡിജെഎസിന്റെ പ്രവർത്തനം ഗുണം ചെയ്തിട്ടുണ്ടെന്നും എന്നാൽ, അന്നു നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം തയ്യാറായില്ലെന്നുമുള്ള ആരോപണങ്ങൾ ബിഡിജെഎസ് ഒളിഞ്ഞും തെളിഞ്ഞും ബിജെപിക്കെതിരെ ആരോപിച്ചിട്ടുണ്ട്. സ്ഥാനമാനങ്ങൾ വാഗ്ദാനം ചെയ്തിട്ട് അവ നൽകിയില്ലെന്നും ബിജെപി സംസ്ഥാന നേതൃത്വം ബിഡിജെഎസിനെ വഞ്ചിച്ചതായും വെള്ളാപ്പള്ളി നടേശൻ തന്നെ കുറ്റപ്പെടുത്തിയിരുന്നു.
ലോക്സഭാ സീറ്റ് വിഭജനത്തിൽ ബിഡിജെഎസ് ആവശ്യപ്പെടുന്ന ഏഴു സീറ്റുകളിൽ മൂന്നെണ്ണം വിട്ടുകൊടുക്കാനാകില്ലെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടും സഖ്യത്തിൽ ഭിന്നത സൃഷ്ടിച്ചിരുന്നു. പത്തനംതിട്ട, തൃശൂർ, പാലക്കാട് മണ്ഡലങ്ങൾ സംബന്ധിച്ചാണ് ബിജെപി – ബിഡിജെഎസ് തർക്കമുടലെടുത്തത്. ലോക്സഭാ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ നേരത്തേ ആരംഭിക്കണമെന്ന ബിജെപി തന്ത്രത്തിന്റെ പശ്ചാത്തലത്തിൽ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കപ്പെടുമെന്നായിരുന്നു പ്രതീക്ഷ.
Post a Comment
0 Comments