Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രി ഇടപെട്ടു: ബെവ്കോയില്‍ ഇനി ഡപ്യൂട്ടേഷന്‍കാര്‍ക്ക് ബോണസില്ല

തിരുവനന്തപുരം:(www.evisionnews.co) ബവ്റിജസ് കോർപറേഷനില്‍ ഡപ്യൂട്ടേഷന്‍കാര്‍ക്ക് അടുത്തവര്‍ഷം മുതല്‍ ബോണസില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശമനുസരിച്ചാണു നടപടി. ഉയര്‍ന്ന ബോണസ് ലക്ഷ്യമിട്ട് ആയിരത്തിലധികം പേരാണു ബെവ്കോയില്‍ ഡപ്യൂട്ടേഷന്റെ പേരില്‍ കയറിക്കൂടാന്‍ ശ്രമിച്ചത്. ഡപ്യൂട്ടേഷന്റെ പേരില്‍ സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള കള്ളക്കളികളും നടന്നു വന്നിരുന്നു. നേരത്തേ, മന്ത്രി ടി.പി. രാമകൃഷ്ണൻ ഇടപെട്ടു ബവ്റിജസ് കോർപ്പറേഷനിലെ ഡപ്യൂട്ടേഷൻ നിയമനം വേണ്ടെന്നുവച്ചിരുന്നു.
185 സർക്കാർ ജീവനക്കാരെ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബവ്കോ സർക്കാരിനെ സമീപിച്ചത്. ഉയർന്ന ബോണസും ആനുകൂല്യങ്ങളും ലഭിക്കുന്ന ബവ്കോയിൽ സ്വന്തക്കാരായ ജീവനക്കാരെ തിരുകിക്കയറ്റാനുള്ള ചിലരുടെ ശ്രമമായിരുന്നു ഇതിനു പിന്നിൽ. ഇക്കാര്യം മനോരമ ന്യൂസ് പുറത്തുകൊണ്ടുവന്നതോടെ സിഐടിയു ഒഴിച്ചുള്ള യൂണിയനുകൾ എതിർപ്പുമായി രംഗത്തുവന്നു. തുടർന്നു മന്ത്രി തന്നെ ഡപ്യുട്ടേഷൻ വേണ്ടെന്നു വയ്ക്കാൻ ബവ്കോയോടു നിർദേശിക്കുകയായിരുന്നു.
അതിനിടെ, ബെവ്കോ ജീവനക്കാർക്ക് ഓണത്തിനു വൻതുക ബോണസ് നൽകുന്നതിനെതിരെ ധനവകുപ്പും രംഗത്തെത്തി. 85,000 രൂപ വരെ ബോണസ് നൽകുന്നതു ധനപരമായ നിരുത്തരവാദിത്തമാണെന്നും ഇതു നിയന്ത്രിക്കണമെന്നും അഭ്യർഥിച്ചു ധനമന്ത്രി തോമസ് ഐസക്, മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകിയിരുന്നു. ശമ്പളത്തിന്റെ രണ്ടുമടങ്ങിലേറെ തുകയാണ് ഇത്തവണ ബെവ്കോയിൽ മിക്ക ജീവനക്കാർക്കും ലഭിച്ചത്. 85,000 രൂപ വരെ ബോണസ് നൽകിയതു പൊതുസമൂഹത്തിൽ വിമർശിക്കപ്പെടുകയും ചെയ്തു. 19.25% എക്സ്ഗ്രേഷ്യയും 10.25% പെർഫോമൻസ് അലവൻസും ചേർത്ത് 29.50% ബോണസാണ് ഇത്തവണ കിട്ടിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad