സിർസ (ഹരിയാന)∙ വിവാദ ആൾദൈവം ഗുർമീത് റാം റഹീമിനെതിരായ മാനഭംഗക്കേസിൽ തിങ്കളാഴ്ച വിധി പ്രസ്താവിക്കാനിരിക്കെ, ദേര സച്ചാ സൗദ ആസ്ഥാനത്തെ സുരക്ഷ ശക്തമാക്കി. ചണ്ഡിഗഡിൽനിന്നും 250 കിലോ മീറ്റർ ദൂരെ സിർസയിലാണ് ദേര സച്ച സൗദയുടെ ആസ്ഥാനം. ആയിരം ഏക്കർ വരുന്ന ആശ്രമത്തിൽ ഏകദേശം 30,000ത്തോളം അനുയായികളുണ്ടെന്നാണ് കണക്കാക്കുന്നത്. ആശ്രമം വിട്ടു പുറത്തുവരാനുള്ള ആവശ്യത്തിന് ഇവർ െചവികൊടുക്കാത്തത് അധികൃതരെ വലയ്ക്കുന്നുണ്ട്. ഇതിനു പുറമെ, മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ഒട്ടനവധി അനുയായികൾ ആശ്രമം സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്ക് കടന്നതായും റിപ്പോർട്ടുകളുണ്ട്.
പതിനഞ്ചുവർഷം പഴക്കമുള്ള മാനഭംഗക്കേസിൽ ഗുർമീത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിനു പിന്നാലെ അഞ്ചു സംസ്ഥാനങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. സംഘർഷ സാധ്യതയെക്കുറിച്ച് നേരത്തേതന്നെ മുന്നറിയിപ്പു ലഭിച്ചിരുന്നെങ്കിലും ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിൽ വീഴ്ച വരുത്തിയ ഹരിയാന സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പഞ്ചാബ്–ഹരിയാന ഹൈക്കോടതിയുടെ വിമർശനത്തിന് വിധേയരായിരുന്നു. ഈ പശ്ചാത്തലത്തിൽ, ഗുർമീതിനുള്ള ശിക്ഷ വിധിക്കുമ്പോൾ ഉണ്ടാകാനിടയുള്ള സുരക്ഷാ പ്രശ്നങ്ങളെ നേരിടാനുള്ള തയാറെടുപ്പുകൾ ഊർജിതമാക്കിയിരിക്കുകയാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ.
അതേസമയം, സിർസയിൽ ദേര ക്യാംപസിൽ പ്രവേശിക്കാൻ സൈനികർക്ക് നിർദേശം നൽകിയിട്ടില്ലെന്ന് സൈനിക വക്താവ് അറിയിച്ചു. ആശ്രമത്തിനുള്ളിലുള്ളവരോടു പുറത്തുവരാൻ മൈക്കിലൂടെ പലതവണ ആവശ്യപ്പെട്ടെങ്കിലും പ്രതികരണമുണ്ടാകാത്ത സാഹചര്യത്തിൽ ഈ നീക്കം നിർത്തിവച്ചു. അതിനിടെ, സിർസയിൽ മാധ്യമപ്രവർത്തകർക്കു നേരെ ഗുർമീതിന്റെ അനുയായികൾ ആക്രമണം നടത്തി. മാധ്യമസ്ഥാപനത്തിന്റെ വാഹനവും അവർ തകർത്തു. റോത്തക്കിൽ 28 കമ്പനി അർധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. ഇവിടേക്ക് പ്രവേശിക്കുന്നതിൽ ദേര പ്രവർത്തകർക്കു വിലക്കേർപ്പെടുത്തുകയും ചെയ്തു.
ഹരിയാന കുരുക്ഷേത്രയിലെ ദേര ആശ്രമങ്ങൾ ശനിയാഴ്ച അടച്ചുപൂട്ടിയിരുന്നു. അനുയായികളിൽനിന്ന് എകെ 47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. റാം റഹിമിന്റെ ആറു കാവൽക്കാർക്കെതിരെ രാജ്യദ്രോഹത്തിനു കേസെടുത്തു. ഇവരിൽ നിന്നാണ് എകെ 47 തോക്കുകൾ പിടിച്ചെടുത്തത്. വിവിധ സംസ്ഥാനങ്ങളിലായി ദേരയുടെ 36 ആശ്രമങ്ങൾ അടച്ചുപൂട്ടി.
റാം റഹിമിന്റെയും ആശ്രമങ്ങളുടെയും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. 552 ദേര അനുയായികളെ കസ്റ്റഡിയിലെടുത്തു. ഗുർമീത് റാം റഹിം സിങ്ങിന്റെ കേസുമായി ബന്ധപ്പെട്ട അക്രമങ്ങളുടെ പേരിൽ രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിൽ അഞ്ചു പേരെ അറസ്റ്റു ചെയ്തു. ഗുർമീതിന്റെ ജന്മസ്ഥലം ശ്രീഗംഗാനഗറിനു സമീപമാണ്. <b
Post a Comment
0 Comments