Type Here to Get Search Results !

Bottom Ad

അമിത് ഷാ ജാഥ നടത്തേണ്ടത് കേരളത്തിലല്ല, യുപിയിലും ഹരിയാനയിലുമാണെന്ന് പി. ജയരാജൻ

കണ്ണൂർ:(www.evisionnews.co) മതേതരത്വത്തിനും ജനാധിപത്യത്തിനും പേരുകേട്ട കേരളത്തിന്റെ യശസ്സ് തകർക്കാനാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ വരുന്നതെന്ന് സിപിഎം നേതാവ് പി. ജയരാജൻ. കണ്ണൂരിൽ ഗണേശ ഘോഷയാത്രയുമായി ബന്ധപ്പെട്ടു സംഘർഷം തുടങ്ങിയതു മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലാണ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽപ്പോലും ബിജെപിക്കാർക്കു രക്ഷയില്ലെന്നു വരുത്തിത്തീർക്കാനാണു ശ്രമമെന്നും ജയരാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കേരളത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാനാണ് അമിത് ഷാ പര്യടനം നടത്തുന്നത്. ‘എല്ലാവർക്കും ജീവിക്കണം’ എന്നാണ് അവരുടെ ജാഥയുടെ മുദ്രാവാക്യം. എങ്കിൽ ബിജെപി ആദ്യം ജാഥ നടത്തേണ്ടത് യോഗി ആദിത്യനാഥിന്റെ ഉത്തർ പ്രദേശിലേക്കും മധ്യപ്രദേശിലേക്കും ഹരിയാനയിലേക്കുമാണ്. സർക്കാർ മെഡിക്കൽ കോളജിൽ പ്രാണവായു ലഭിക്കാതെ എഴുപതിലധികം കുഞ്ഞുങ്ങൾ പിടഞ്ഞുവീണു മരിച്ചത് ഉത്തർപ്രദേശിലാണ്. കർഷകരുടെ ആത്മഹത്യ തുടർക്കഥയായതും സമരം ചെയ്തവരെ വെടിവച്ചു കൊല്ലുന്നതുമായ സംസ്ഥാനമാണ് ശിവരാജ് സിങ് ചൗഹാന്റെ മധ്യപ്രദേശ്.

മാനഭംഗക്കേസിൽ സംഘപരിവാറിന്റെ സന്തതസഹചാരിയായ ആൾദൈവം ഗുർമീത് റാം റഹിം സിങ്ങിനെ കോടതി ശിക്ഷിച്ചപ്പോൾ ഉണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടത് 38 പേരാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ അരക്ഷിതാവസ്ഥയും ക്രമസമാധാന പ്രശ്നങ്ങളും ഉള്ളത്. പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാർ ജനങ്ങളുടെയാകെ പിന്തുണ നേടി മുന്നോട്ടുപോകുന്നതു കാണുമ്പോഴുള്ള അസഹിഷ്ണുതയാണു സംഘപരിവാർ കാണിക്കുന്നത്. കേരളത്തിൽ ആർഎസ്എസുകാരുടെ മനസ്സിൽ മാത്രമാണു സംഘർഷമെന്നും ജയരാജൻ പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad