Type Here to Get Search Results !

Bottom Ad

സാമ്പത്തിക വളർച്ച നേടുമെന്ന ലോക ബാങ്ക് പ്രവചനം ഫലിച്ചില്ല;ഇന്ത്യയുടെ ജിഡിപി വീണ്ടും കുറഞ്ഞു

ന്യൂഡൽഹി:(www.evisionnews.co) ഇന്ത്യ മികച്ച സാമ്പത്തിക വളർച്ച നേടുമെന്ന ലോക ബാങ്ക് പ്രവചനത്തെ തകിടം മറിച്ച് ഇന്ത്യയുടെ ജിഡിപി നിരക്ക് കുറഞ്ഞു. ഏപ്രിൽ– ജൂൺ പാദത്തിൽ 5.7 ശതമാനം മൊത്ത ആഭ്യന്തര ഉത്പാദനമാണ് (ജിഡിപി) രാജ്യം രേഖപ്പെടുത്തിയത്. പ്രതീക്ഷിച്ചതിനെക്കാൾ വളരെ കുറഞ്ഞ നിരക്കാണിത്.മാർച്ച് പാദത്തിൽ 6.1 ശതമാനം ജിഡിപിയാണ് ഉണ്ടായത്. ഇതിൽനിന്നാണ് 5.7 ലേക്കു താഴ്ന്നത്. കഴിഞ്ഞവർഷം ഏപ്രിൽ– ജൂൺ കാലയളവിൽ 7.9 ശതമാനം ആയിരുന്നു ജിഡിപി. നിർമാണ മേഖലയിലെ ഇടിവാണു ജിഡിപിയെ ബാധിച്ചതെന്നു മുതിർന്ന സാമ്പത്തിക വിദഗ്ധൻ ടി.സി.എ.ആനന്ദ് പറഞ്ഞു. കഴിഞ്ഞവർഷം ഇതേ കാലയളവി‍ൽ 10.7 ശതമാനം വളർച്ചാനിരക്കു രേഖപ്പെടുത്തിയ നിർമാണ മേഖല ഇത്തവണ 1.2 ശതമാനത്തിലേക്കു കുത്തനെ തകർന്നു. ഇതിന്റെ തിരിച്ചടിയാണ് ജിഡിപിയിലും തെളി‍ഞ്ഞത്.ജിഡിപി നിരക്ക് നിരാശാജനകമാണെന്നു എച്ച്ഡിഎഫ്സി ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് അഭീക് ബറുവ പറഞ്ഞു. നോട്ടു നിരോധനവും ജിസ്ടിയുമാണ് ഇതിനു ആക്കം കൂട്ടിയതെന്നും അഭീക് ചൂണ്ടിക്കാട്ടി. നിര്‍മാണ മേഖലയിലേയും സര്‍വീസ് മേഖലയിലേയും മോശം പ്രകടനമാണു സാമ്പത്തിക വളര്‍ച്ച നിരക്ക് കുറച്ചതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം.

ഇന്ത്യ ഇക്കൊല്ലം 7.2 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്നും 2016 ലെ 6.8 ശതമാനം വളർച്ചയെ മറികടക്കാൻ രാജ്യത്തിനാകുമെന്നുമാണ് ലോക ബാങ്ക് പ്രവചിച്ചിരുന്നത്. ചൈനയുടെ വളർച്ച 6.5 ശതമാനത്തിലൊതുങ്ങും. ഇന്ത്യ 2018ൽ 7.5%, 2019ൽ 7.7% എന്നിങ്ങനെ വളർച്ച നേടാൻ സാധ്യതയുണ്ടെന്നും ചൈനയുടെ വാർഷിക വളർച്ച 6.3 ശതമാനം എത്തുമെന്നുമാണ് ലോക ബാങ്ക് പറഞ്ഞത്.

2016 നവംബര്‍ ഒൻപതിനായിരുന്നു വിപണിയില്‍നിന്നും 1000, 500 രൂപ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ ജിഡിപി നിരക്കില്‍ വര്‍ധനവ് ഉണ്ടായിരുന്നെങ്കിലും നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്നു മൂന്ന്, നാല് പാദങ്ങളിലും വളര്‍ച്ച കുറഞ്ഞിരുന്നു. നോട്ട് നിരോധനം മാത്രമല്ല, ആഗോള കാര്യങ്ങളും ജിഡിപിയെ ബാധിച്ചെന്നാണ് അന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad