തിരുവനന്തപുരം:(www.evisionnews.co) 'അങ്ങ് പാര്‍ട്ടിയുടെ മാത്രം പ്രധാനമന്ത്രിയല്ല' എന്നു കോടതിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഓര്‍മപ്പെടുത്തേണ്ടി വന്നത് ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ തീരാക്കളങ്കമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വർധിച്ചു വരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്കും നേരേ കണ്ണടയ്ക്കുന്ന പ്രധാനമന്ത്രിയുടെ സങ്കുചിത രാഷ്ട്രീയത്തെയാണ് ഹരിയാന ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചത്. ഹൈക്കോടതിയുടെ വിമര്‍ശനമുണ്ടായിട്ടും ഒരു ദിവസം കൂടി കഴിഞ്ഞാണ് പ്രധാനമന്ത്രിയില്‍നിന്ന് പേരിനെങ്കിലും ഒരു പ്രതികരണമുണ്ടായത്. അതും ആത്മാർഥതയോടെയാണെന്നു പറയാനാവില്ല. പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് അതെന്നും ചെന്നിത്തല പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം.
മുന്‍പ് ഗോസംരക്ഷകര്‍ പാവങ്ങളെ തല്ലിക്കൊന്നപ്പോള്‍ പ്രധാനമന്ത്രി ഇതേപോലെ പ്രതികരിച്ചിരുന്നു. എന്നിട്ടും അക്രമങ്ങള്‍ക്കു കുറവുണ്ടായില്ല. ഹരിയാനയിലെ തെരുവുകളില്‍ 36 ജീവന്‍ പൊലിഞ്ഞുവീണിട്ടും അതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ച പ്രധാനമന്ത്രിക്കേറ്റ കനത്ത പ്രഹരമാണ് കോടതിയുടെ പരാമര്‍ശം. ഗോധ്രയിലെ കലാപത്തില്‍ നിരവധി ജീവനുകൾ പൊലിഞ്ഞപ്പോഴും ഗോരഖ്പൂരില്‍ പ്രാണവായു ലഭിക്കാതെ പിഞ്ചു ജീവനുകള്‍ പിടഞ്ഞപ്പോഴും ഗുജറാത്തില്‍ ദലിത് യുവാക്കളെ തല്ലിച്ചതച്ചപ്പോഴും രാജ്യത്തുടനീളം പശുവിന്റെ പേരില്‍ പാവങ്ങളെ തല്ലി കൊന്നപ്പോഴും പ്രധാനമന്ത്രി സ്വീകരിച്ചത് ഇതേ നിലപാടായിരുന്നു.
കോടതി പരാമര്‍ശത്തിന്റെ പൊരുള്‍ മനസ്സിലാക്കി മോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആകുന്നില്ലെങ്കില്‍ ജനാധിപത്യവും മതേതരത്വവും പ്രാണവായുവായി സ്വീകരിച്ച ഇന്ത്യന്‍ ജനതയ്ക്കു മുമ്പില്‍ മുട്ടു മടക്കേണ്ടി വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Post a Comment
0 Comments