Type Here to Get Search Results !

Bottom Ad

കുമ്പള- കഞ്ചിക്കട്ട റോഡ് തകര്‍ന്നു തരിപ്പണം: ഫണ്ട്‌നീക്കി വെക്കാത്തതിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തില്‍


കുമ്പള (www.evisionnews.co): കുമ്പള- കഞ്ചിക്കട്ട- താഴെ കൊടിയമ്മ- ചൂരിത്തട്ക്ക റോഡ് തകര്‍ന്ന് ഒരു പതിറ്റാണ്ടായിട്ടും റീ ടാറിങ്ങിനായി ഫണ്ട് നീക്കിവെക്കാത്ത കുമ്പള പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. വോട്ട് ചോദിക്കുമ്പോഴുള്ള വാഗ്ദാനങ്ങള്‍ ആകാശംമുട്ടെ പന്തലിക്കുമെങ്കിലും അടിസ്ഥാന സൗകര്യമായ റോഡിന്റെ അറ്റകുറ്റപ്പണി ചെയ്യാന്‍പോലും കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി മാറിമാറി വന്ന ഒരു പഞ്ചായത്തംഗവും മുന്‍കൈ എടുത്തിട്ടില്ല. 

കുമ്പള മുതല്‍ ചൂരിത്തട്ക്ക വരെ ഏകദേശം നാലു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതും താഴെ കൊടിയമ്മയിലേക്ക് എത്തിച്ചേരാനുള്ളതുമായ റോഡാണ് കുണ്ടുംകുഴിയുമായി കാല്‍നടയാത്ര പോലും ദുസഹമായ രീതിയില്‍ പൂര്‍ണമായി തകര്‍ന്നുകിടക്കുന്നത്. പ്രസിഡണ്ടിന്റെ വാര്‍ഡ് ഉള്‍പ്പെടുത്തന്നതായിട്ടും ഇപ്രാവശ്യത്തെ വാര്‍ഷിക പദ്ധതിയിലും റോഡിനായി ഫണ്ട് നീക്കിവെച്ചിട്ടില്ല. 

എം.എല്‍.എ ഫണ്ട് ലഭ്യമാക്കി റോഡ് പുനര്‍നിര്‍മിക്കാമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നുണ്ടെങ്കിലും പതിറ്റാണ്ട് പിന്നിട്ടിട്ടും വാഗ്ദാനം മാത്രമായി അവശേഷിക്കുന്നു. നാട്ടുകാരുടെ നിരന്തരമായ ഇടപെടല്‍ കാരണം മാസങ്ങള്‍ക്ക് മുമ്പ് ഈ റോഡിലൂടെ പേരിന് മാത്രം ബസ് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. അതും ദിവസത്തില്‍ രണ്ടു പ്രാവശ്യം മാത്രം. സ്‌കൂള്‍ കുട്ടികള്‍ക്ക് ഈ ബസ് സര്‍വീസ് ഉപകരിക്കുന്നില്ലെങ്കില്‍ കൂടിയും സര്‍വീസ് നിര്‍ത്താതിരിക്കാന്‍ റോഡിലെ മിക്ക കുഴികളും നാട്ടുകാരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും കല്ലും മണ്ണുമിട്ട് അടക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മഴയില്‍ ചെളിക്കുളമായി ഒലിച്ചുപോകുന്നു. നാട്ടുകാരും വിദ്യാര്‍ത്ഥികളുമടക്കം നൂറുകണക്കിനാളുകള്‍ സഞ്ചരിക്കുന്ന റോഡിലൂടെയുള്ള കാല്‍നടയാത്ര പോലും ചെളിവെള്ളം കാരണം ദുഷ്‌കരമായിട്ടുണ്ട്. റോഡിന്റെ ശോചനീയാവസ്ഥക്കെതിരെയും അവഗണനക്കെതിരെയും ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്കൊരുങ്ങുകയാണ് നാട്ടുകാര്‍.

Post a Comment

0 Comments

Top Post Ad

Below Post Ad