തിരുവനന്തപുരം:(www.evisionnews.co)സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിംഗിനെതിരായ കോടതി വിധിയെ തുടര്‍ന്ന് ഹരിയാനയിലുണ്ടായ കലാപങ്ങളുടെ പേരില്‍ കേരള മുഖ്യമന്ത്രിയും മന്ത്രിമാരും എന്തിനാണ് ഉറഞ്ഞ് തുള്ളുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേരള ജനസംഖ്യയോളം വരുന്ന അനുയായി വൃന്ദമുള്ള ഒരു നേതാവാണ് റാം റഹിം സിംഗെന്നും അവരുടെ നേതാവ് ജയിലിലാകാന്‍ പോകുന്നു എന്നറിഞ്ഞതോടെ അവര്‍ അക്രമകാരികളാവുകയായിരുന്നുവെന്നും കുമ്മനം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. അവിടുത്തെ ഭരണാധികാരികള്‍ സര്‍വ്വശക്തിയുമെടുത്ത് അതിനെ അടിച്ചമര്‍ത്തിയെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
അന്യസംസ്ഥാനങ്ങളിലെ ക്രമസമാധാന നില ഓര്‍ത്ത് വേവലാതി കൊള്ളുന്ന പിണറായിയും മന്ത്രിമാരും സ്വന്തം സ്ഥലത്തെ ക്രമസമാധാന നില ഭദ്രമാക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. ബിജെപി കേന്ദ്രം ഭരിക്കുമ്പോള്‍ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും തുല്യനീതി ഉറപ്പാക്കപ്പെടും. അതില്‍ പിണറായി വിജയന് ആശങ്കവേണ്ട. കലാപങ്ങള്‍ നിത്യസംഭവമായിരുന്ന കോണ്‍ഗ്രസ് ഭരണകാലം സൗകര്യപൂര്‍വ്വം മറക്കുന്ന പ്രതിപക്ഷ നേതാവിന്റെ ഇരട്ടത്താപ്പ് ദയനീയമെന്നേ പറയാനുള്ളൂ. പോസ്റ്റില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ദേരാ സച്ച സൗദ നേതാവ് റാം റഹിം സിംഗിനെതിരായ കോടതി വിധിയെ തുടര്‍ന്ന് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലുണ്ടായ അക്രമ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. നിയമസംവിധാനങ്ങളില്‍ വിശ്വസിക്കുന്ന ഒരാള്‍ക്കും അംഗീകരിക്കാന്‍ സാധിക്കാത്ത സംഭവങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസമായി ഇവിടങ്ങളിലുണ്ടായത്. അക്രമികളെ സര്‍ക്കാര്‍ കര്‍ശനമായി നേരിട്ടതിന്റെ ഫലമായി 35 ഓളം പേരാണ് കൊല്ലപ്പെട്ടത്. 15,000 കേന്ദ്രസേനാംഗങ്ങളെയും പട്ടാളത്തേയും വിന്യസിച്ച് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാരും സഹകരിക്കുകയുണ്ടായി.
എന്നാല്‍ ഇതിന്റെ പേരില്‍ കേരള മുഖ്യമന്ത്രിയും ചില മന്ത്രിമാരും ഉറഞ്ഞു തുള്ളുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. കേരള ജനസംഖ്യയോളം വരുന്ന അനുയായി വൃന്ദമുള്ള ഒരു നേതാവാണ് റാം റഹിം സിംഗ്. അവരുടെ നേതാവ് ജയിലിലാകാന്‍ പോകുന്നു എന്നറിഞ്ഞതോടെ അവര്‍ അക്രമകാരികളാവുകയായിരുന്നു. സര്‍വ്വശക്തിയുമെടുത്ത് അവിടുത്തെ ഭരണാധികാരികള്‍ അതിനെ അടിച്ചമര്‍ത്തുകയും ചെയ്തു. ഉത്തരേന്ത്യയിലെ കലാപങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ എത്ര ക്രിയാത്മകമായിരുന്നു എന്ന് മനസ്സിലാവുക. എന്നാല്‍ അതിനിടയില്‍ ചോരക്കൊതി പൂണ്ട ചെന്നായയെപ്പോലെ കേരളാ മുഖ്യമന്ത്രി പെരുമാറിയത് അസഹനീയമാണ്. 1979 ല്‍ ബംഗാളിലെ നേതാജി നഗറില്‍ നടന്ന ദളിത് വേട്ട പിണറായി വിജയന്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ജ്യോതിബസു സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ച് ദണ്ഡകാരണ്യ വനത്തില്‍ നിന്ന് ജന്മനാട്ടിലേക്ക് തിരികെയത്തിയ പിന്നാക്കവിഭാഗങ്ങള്‍ക്ക് നേരെ നടത്തിയ വെടിവെയ്പ്പില്‍ ആയിരത്തോളം ആള്‍ക്കാരാണ് കൊല്ലപ്പെട്ടത്.
അന്യസംസ്ഥാനങ്ങളിലെ ക്രമസമാധാന നില ഓര്‍ത്ത് വേവലാതി കൊള്ളുന്ന പിണറായിയും മന്ത്രിമാരും സ്വന്തം സ്ഥലത്തെ ക്രമസമാധാന നില ഭദ്രമാക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. ലാവലിന്‍ കേസില്‍ പിണറായി വിജയനെ അറസ്റ്റ് ചെയ്താല്‍ കേരളം കത്തുമെന്ന് ഭീഷണി മുഴക്കിയത് സിപിഎമ്മിന്റെ കേന്ദ്രക്കമ്മിറ്റിയംഗമായ ഇപി ജയരാജനാണ്. ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന പി മോഹനന്‍ അറസ്റ്റ് ചെയ്യപ്പെട്ട ദിവസം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉണ്ടായ അക്രമവും കേരള ജനത മറന്നിട്ടില്ല.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലുള്ള മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച മുഖ്യമന്ത്രി സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ സുരക്ഷ ആദ്യം ഉറപ്പാക്കണം. ബിജെപി കേന്ദ്രം ഭരിക്കുമ്പോള്‍ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും തുല്യനീതി ഉറപ്പാക്കപ്പെടും. അതില്‍ പിണറായി വിജയന് ആശങ്കവേണ്ട. രാജ്യത്ത് ഒരു ചേരിതിരിവും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി തന്നെ ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്. അത്തരമൊരു സംരക്ഷണം സ്വന്തം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്‍കാന്‍ പിണറായി വിജയന് തയ്യാറുണ്ടോ? കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യാത്തതിന്റെ പേരില്‍ മാത്രം നൂറുകണക്കിന് ആള്‍ക്കാരെ കൊന്നുതള്ളിയ പാരമ്പര്യമാണ് പിണറായി വിജയനും കൂട്ടര്‍ക്കുമുള്ളത്. അക്രമാസ്‌കതമായ ജനക്കൂട്ടം പൊതുമുതല്‍ നശിപ്പിച്ചതിനെ ഉരുക്കുമുഷ്ടി കൊണ്ടാണ് അവിടുത്തെ സര്‍ക്കാര്‍ നേരിട്ടത്. എന്നാല്‍ രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ സ്വന്തം പഞ്ചായത്തില്‍ പോലും നടക്കുന്ന കൊലപാതകം അടിച്ചമര്‍ത്താന്‍ കഴിവില്ലാത്ത പിണറായി വിജയന്‍ അന്യസംസ്ഥാനത്തെ ക്രമസമാധാന നില ഓര്‍ത്ത് മുതലക്കണ്ണീര്‍ ഒഴുക്കുന്നത് അവസാനിപ്പിക്കണം.
കലാപങ്ങള്‍ നിത്യസംഭവമായിരുന്ന കോണ്‍ഗ്രസ് ഭരണകാലം സൗകര്യപൂര്‍വ്വം മറക്കുന്ന പ്രതിപക്ഷ നേതാവിന്റെ ഇരട്ടത്താപ്പ് ദയനീയമെന്നേ പറയാനുള്ളൂ. കോണ്‍ഗ്രസ് ഭരണകാലത്ത് ലക്ഷക്കണക്കിന് ആള്‍ക്കാരാണ് രാജ്യത്ത് കലാപത്തില്‍ മാത്രം കൊല്ലപ്പെട്ടിട്ടുള്ളത്. ബിജെപി ഭരണത്തില്‍ അത്തരം സംഭവങ്ങള്‍ ഉണ്ടാകാത്തതിന്റെ നിരാശയാണ് രമേശ് ചെന്നിത്തലയ്ക്ക്. റാം റഹിമിന് ഇസഡ് പ്ലസ് സുരക്ഷാ കവചം ഒരുക്കി നല്‍കിയ കോണ്‍ഗ്രസ് സര്‍ക്കാരിനെ അദ്ദേഹം ഓര്‍ക്കാത്തത് തിരക്കുമൂലമായിരിക്കും. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത്തരം കപട ആത്മീയ നേതാക്കളെ വളര്‍ത്തിയതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന് മാത്രമാണുള്ളത്. ഭിദ്രന്‍വാല, ചന്ദ്രസ്വാമി തുടങ്ങി റാംറഹിം വരെയുള്ളവരെ വളര്‍ത്തിയത് കോണ്‍ഗ്രസ് സര്‍ക്കാരുകളാണ്. സിക്ക് കലാപത്തിന്റെ !ഞെട്ടിക്കുന്ന ഓര്‍മ്മകളില്‍ നിന്ന് ദില്ലി ഇനിയും മോചിതമായിട്ടില്ല. അതിന്റെ ഉത്തരവാദികളെന്ന് കോടതി കണ്ടെത്തിയ ജഗദീഷ് ടൈറ്റ്‌ലര്‍, സജ്ജന്‍ കുമാര്‍ എന്നിവരെ ഭാരവാഹിത്വത്തില്‍ നിന്ന് പോലും ഒഴിവാക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇവരൊക്കെയാണ് ഇപ്പോള്‍ ഒരു ഒറ്റപ്പെട്ട സംഭവത്തെ പര്‍വ്വതീകരിച്ച് ബിജെപിക്കെതിരെ രംഗത്തെത്തുന്നത്.
ഇപ്പോള്‍ നടന്ന അക്രമ സംഭവങ്ങള്‍ കര്‍ശനമായാണ് കേന്ദ്രം നേരിട്ടത്. ദേരാസച്ചാസൗദയുടെ ആസ്ഥാനം കണ്ടുകെട്ടിയും അക്രമികളെ ഉരുക്കുമുഷ്ടികൊണ്ട് നേരിട്ടും അക്രമം 24 മണിക്കൂറിനുള്ളില്‍ അടിച്ചമര്‍ത്തിയ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ അഭിനന്ദിക്കുന്നതിന് പകരം തരംതാണ രാഷ്ടീയം കളിക്കുന്നതില്‍ നിന്ന് ഇരു വിഭാഗവും ഒഴിഞ്ഞു നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Post a Comment
0 Comments