തിരുവനന്തപുരം:(www.evisionnews.co) മെഡിക്കൽ പ്രവേശനത്തിനുള്ള സ്പോട് അഡ്മിഷൻ ഇന്നു പൂർത്തിയാകും. 8,000 മുതൽ മുകളിലേക്കുള്ള റാങ്ക് പട്ടികയിൽ ഇടംപിടിച്ചവരെയാകും ഇന്നു പരിഗണിക്കുക. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികളുടെ അഡ്മിഷൻ നടപടികൾ അവസാനിച്ചു. സ്പോട് അഡ്മിഷനിലൂടെ പ്രവേശനം നേടിയവർ ഏഴ് ദിവസത്തിനകം വിടുതൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു പ്രവേശന കമ്മിഷ്ണർ നിർദേശം നൽകിയിട്ടുണ്ട്.
അതിനിടെ, സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ രക്ഷിതാക്കളുടെയും കെഎസ്‍യുവിന്റെയും പ്രതിഷേധത്തെത്തുടർന്ന് ഇന്നലെ ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. രാവിലെ തന്നെ സ്പോട്ട് അഡ്മിഷൻ അട്ടിമറിക്കാൻ മാനേജ്മെന്റുകൾ ശ്രമിക്കുന്നുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഉയർന്ന റാങ്കുകാരെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുന്നെന്നും പിന്നാലെ വന്നവരിൽ നിന്ന് അധിക പണം ഈടാക്കി അഡ്മിഷൻ നൽകുന്നുവെന്നുമായിരുന്നു ആരോപണം.
ഒഴിവുള്ള സീറ്റുകളുടെ എണ്ണം പുറത്തുവിടാത്തതും പ്രതിഷേധത്തിനിടയാക്കി. 23 കോളജുകളിലായി 690 എംബിബിഎസ് സീറ്റുകളും ബിഡിഎസിൽ 450 സീറ്റുകളുമാണുണ്ടായിരുന്നത്. നീണ്ട പ്രതിഷേധത്തിനൊടുവിൽ ഉച്ചയോടെയാണു ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. കർണാടകയിൽ നിന്നുള്ള മെഡിക്കൽ കോളജുകളുടെ ഏജന്റുമാരും കുട്ടികളെ ചാക്കിലാക്കാൻ അഡ്മിഷൻ സെന്ററിലെത്തിയിരുന്നു. അവിടെ ഒഴിവുള്ള സീറ്റിൽ കേരളത്തിലേതിന്റെ പകുതി ഫീസിനു പഠിപ്പിക്കാമെന്നായിരുന്നു വാഗ്ദാനം.
Post a Comment
0 Comments