ജിദ്ദ: (www.evisionnews.co) ഈവര്‍ഷത്തെ ഹജ്ജിനായി വിദേശത്തുനിന്നെത്തിയവരില്‍ ഏറ്റവും പ്രായംകൂടിയ തീര്‍ഥാടക ഇന്‍ഡൊനീഷ്യയില്‍നിന്നാണ്. 104 വയസ്സുള്ള മറിയ മര്‍ജാനിയാണ് ഏറ്റവും പ്രായംകൂടിയ തീര്‍ഥാടക.
വിശുദ്ധഭൂമിയിലെത്തി തന്റെ ജീവിതാഭിലാഷം പൂര്‍ത്തീകരിക്കാന്‍ മറിയ മര്‍ജാനിക്ക് 104-ാം വയസ്സുവരെ കാത്തിരിക്കേണ്ടിവന്നു. 1913-ലാണ് മറിയ മര്‍ജാനിയുടെ ജനനം- ഒന്നാംലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് ഒരുവര്‍ഷംമുമ്പ്. ജീവിതാഭിലാഷം പൂര്‍ത്തിയാക്കാന്‍ ദശകങ്ങളായി കാത്തിരുന്നതിനൊടുവിലാണ് ഹജ്ജ് കര്‍മത്തിനവസരം ഒരുങ്ങുന്നത്.
ഇതിനിടയില്‍ മൂന്നുമക്കള്‍ മരിച്ചു. മൂന്ന് മക്കളിലെ 15 പേരക്കുട്ടികള്‍ മറിയ മര്‍ജാനിക്കുണ്ട്. ഇബ്രാഹിംനബിയുടെ വിളിക്കുത്തരമേകി പുണ്യകര്‍മത്തിനെത്തുന്നത് 104-ാം വയസ്സില്‍ അയല്‍വാസികളുടെ നല്ലമനസ്സുകൊണ്ടാണ്. മറിയ മര്‍ജാനിയുടെ ആഗ്രഹം മനസ്സിലാക്കിയ അയല്‍വാസികള്‍ ഹജ്ജ് കര്‍മത്തിനെത്താനുള്ള പണം സ്വരൂപിച്ച് നല്‍കുകയായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഉംറ കര്‍മം ചെയ്തിരുന്നു. അന്ന് നാട്ടിലേക്ക് തിരിക്കുമ്പോഴുള്ള പ്രാര്‍ഥനയായിരുന്നു ഹജ്ജ് കര്‍മത്തിന് എത്തണമെന്നത്. അതിപ്പോള്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് അവര്‍.
ജിദ്ദ ഇന്‍ഡൊനീഷ്യന്‍ കോണ്‍സുലേറ്റ് അധികൃതരും വിമാനത്താവളം അധികൃതരും ചേര്‍ന്നാണ് മറിയ മര്‍ജാനിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. ഇന്‍ഡൊനീഷ്യയില്‍നിന്ന് പത്തുമണിക്കൂറിലേറെ യാത്രചെയ്ത് വിമാനത്താവളത്തിലെത്തിയ മറിയ മര്‍ജാനിക്ക് യാതൊരു ക്ഷീണവും കാണാനായില്ല. ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിന്റെ ആവേശവും പ്രതീക്ഷയുമായിരുന്നു അവരുടെ മുഖത്ത്.
Post a Comment
0 Comments