Type Here to Get Search Results !

Bottom Ad

അഞ്ച് ലക്ഷം ഫീസ്, ആറു ലക്ഷം ബാങ്ക് ഗ്യാരണ്ടി; സ്വാശ്രയ വിഷയത്തില്‍ ഹൈക്കോടതി


കൊച്ചി: (www.evisionnews.co)  സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി. സ്വാശ്രയ മെഡിക്കല്‍ പ്രവേശനം 31നകം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഫീസ് അഞ്ചു ലക്ഷം രൂപയാക്കി നിജപ്പെടുത്തിയ ഹൈക്കോടതി, ആറു ലക്ഷത്തിന്റെ ബോണ്ടോ, ബാങ്ക് ഗ്യാരണ്ടിയോ വേണമെന്നും നിര്‍ദ്ദേശം നല്‍കി. 30, 31 തീയതികളില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എന്‍ട്രന്‍സ് കമ്മീഷണറുടെ സാന്നിധ്യത്തില്‍ സ്‌പോട് അഡ്മിഷന്‍ നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്. മെഡിക്കല്‍ പ്രവേശനം അവതാളത്തിലായ സാഹചര്യത്തിലാണ് പുതിയ വിധിയുമായി ഹൈക്കോടതിയുടെ ഇടപെടല്‍.

സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന കമ്മിഷണര്‍ക്കും സര്‍ക്കാരിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മാനേജുമെന്റുകളുടെ കളിപ്പാവയായി സര്‍ക്കാര്‍ മാറരുത്. ചില കോളജുകളെ സഹായിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അതിനായി കോടതി വിധികള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണ്. ഇങ്ങനെയെങ്കില്‍ കോടതിയലക്ഷ്യ നടപടി വേണ്ടിവരുമെന്നും ഹൈക്കോടതി മുന്നറിയിപ്പു നല്‍കി.

തിങ്കളാഴ്ച ഹര്‍ജികള്‍ പരിഗണിക്കവേ സര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രവേശനത്തിനുള്ള ഫീസ് ഘടന കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണെന്നു വ്യക്തമാക്കിയ കോടതി, ലളിതമായി പരിഹരിക്കേണ്ട വിഷയം സങ്കീര്‍ണമാക്കിയെന്നും ആരോപിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. അവരുടെ അവസ്ഥയെന്താണെന്ന് ആരും ചിന്തിക്കുന്നില്ല. സ്വകാര്യ കോളജുകളിലെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad