Type Here to Get Search Results !

Bottom Ad

ലഡാക്കിലെ ചൈനീസ് കടന്നുകയറ്റം സ്ഥിരീകരിച്ച് ഇന്ത്യ; ദോക് ലായില്‍ ചര്‍ച്ച തുടരുന്നു


ന്യൂഡല്‍ഹി : (www.evisionnews.co) ലഡാക്കിലെ പ്രസിദ്ധമായ പാന്‍ഗോങ് തടാകക്കരയിലൂടെ ഇന്ത്യയുടെ ഭൂപ്രദേശത്തു പ്രവേശിക്കാന്‍ ചൈനാപ്പട്ടാളം ശ്രമിച്ചുവെന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. തടാകത്തിനു സമീപത്ത് ഇത്തരത്തിലൊരു സംഭവമുണ്ടായെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി. ഓഗസ്റ്റ് 15ന് ചൈനയുടെ ഭാഗത്തുനിന്നും കടന്നുകയറ്റ ശ്രമം ഉണ്ടായെന്ന് അദ്ദേഹം അറിയിച്ചു. വിഷയം ഇരുവശത്തെയും പ്രാദേശിക സൈനിക കമാന്‍ഡര്‍മാരുമായും ചര്‍ച്ച ചെയ്തു. ഇത്തരം സംഭവങ്ങള്‍ ഇരുഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും മേഖലയില്‍ സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുസൈന്യവും ഏതാണ്ട് ഒരു മണിക്കൂറോളം മുഖാമുഖം നിന്നുവെന്നും മോശം വാക്കുകള്‍ പ്രയോഗിച്ചുവെന്നുമാണ് സൂചന. സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഇരുവിഭാഗത്തിന്റെയും ബോര്‍ഡര്‍ പേഴ്‌സണല്‍ മീറ്റിങ് (ബിപിഎം) നടന്നുവെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ല. അടുത്തിടെ രണ്ട് ബിപിഎം ആണ് നടന്നത്. ഒന്ന് നാഥുലയിലും മറ്റൊന്ന് ചുസുളിലും. ഇതില്‍ ചുസുളില്‍ ഓഗസ്റ്റ് 16നും നാഥുലയില്‍ അതിനും ഒരാഴ്ച  മുന്‍പുമാണ് ബിപിഎം നടന്നത് രവീഷ് കുമാര്‍ അറിയിച്ചു.
ഓഗസ്റ്റ് 15ന് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) രാവിലെ ആറിനും ഒന്‍പതിനുമാണു മേഖലയിലെ ഫിംഗര്‍ ഫോര്‍, ഫിംഗര്‍ ഫൈവ് എന്നിവിടങ്ങളില്‍ കടന്നുകയറാന്‍ നോക്കിയത്. ഇതേത്തുടര്‍ന്നുണ്ടായ കല്ലേറില്‍ ഇരുപക്ഷത്തും സൈനികര്‍ക്കു നിസ്സാര പരുക്കേറ്റു. മനുഷ്യച്ചങ്ങലയായിനിന്ന് ഇന്ത്യയുടെ സൈനികര്‍ വഴിമുടക്കിയതോടെ ചൈനാപ്പട്ടാളം കല്ലേറു തുടങ്ങി. തുടര്‍ന്നു തിരിച്ചും കല്ലേറുണ്ടായി. സംഘര്‍ഷം ലഘൂകരിക്കാനായി ഇരുപക്ഷവും സമാധാനസൂചകമായി ബാനര്‍ പരേഡ് നടത്തിയതിനെത്തുടര്‍ന്ന് ഇരുസൈന്യവും പൂര്‍വസ്ഥാനങ്ങളിലേക്കു മടങ്ങുകയായിരുന്നു.
സിക്കിം മേഖലയിലെ ദോക് ലായില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ചൈനയുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് അറിയിച്ചു. ഇരുപക്ഷത്തിനും സ്വീകരിക്കാന്‍ കഴിയുന്ന പരിഹാരത്തിനാണ് ശ്രമിക്കുന്നത്. അതിര്‍ത്തി മേഖലയില്‍ സമാധാനവും ശാന്തിയും ഉറപ്പാക്കേണ്ടത് മികച്ച ഉഭയകക്ഷി ബന്ധത്തിന് അത്യാവശ്യമാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. ഇന്ത്യചൈനഭൂട്ടാന്‍ അതിര്‍ത്തി പ്രദേശമായ ദോക് ലായില്‍ ചൈന റോഡ് നിര്‍മാണം ആരംഭിച്ചതാണ് സംഘര്‍ഷത്തിന് കാരണം. എന്നാല്‍, ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിച്ചുവെന്നാണ് ചൈനയുടെ ആരോപണം. കഴിഞ്ഞ 50 ദിവസത്തോളമായി മേഖലയില്‍ ഇന്ത്യചൈന സൈനികര്‍ മുഖാമുഖം നില്‍ക്കുകയാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad