Type Here to Get Search Results !

Bottom Ad

ഷുക്കൂര്‍ വധം: ജയരാജനും രാജേഷിനുമെതിരെ വീണ്ടും സിബിഐ അന്വേഷണം


കണ്ണൂര്‍ : (www.evisionnews.co) എംഎസ്എഫ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ കൊലപ്പെട്ട കേസില്‍ സിപിഐഎം നേതാക്കള്‍ക്കെതിരെ സിബിഐയുടെ പുനരന്വേഷണം. ഇതുമായി ബന്ധപ്പെട്ട് സിബിഐ മാധ്യമപ്രവര്‍ത്തകന്‍ മനോഹരന്റെ മൊഴിയെടുത്തു. നിയമക്കുരുക്കില്‍പ്പെട്ട കേസില്‍ ഏറെ നാളുകള്‍ക്ക് ശേഷമാണ് സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം സജീവമാക്കുന്നത്. അരിയില്‍ ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, ടി.വി രാജേഷ് എംഎല്‍എ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.
പി.ജയരാജന്റെ കാര്‍ ആക്രമിച്ചതിന് പിന്നാലെ ആയിരുന്നു 2012 ഫെബ്രുവരി 20ന് എംഎസ്എഫ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ കൊലപ്പെടുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ജയരാജന്‍ പ്രവര്‍ത്തകരോട് ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസാരിച്ചിരുന്നോ എന്നാണ് മാധ്യമപ്രവര്‍ത്തകനായ മനോഹരനോട് സിബിഐ സംഘം ചോദിച്ചറിഞ്ഞത്.
2012 ഫെബ്രുവരി 20നാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. അരിയില്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തിയ പി.ജയരാജന്‍, ടി.വി.രാജേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞതിന് പ്രതികാരം എന്ന നിലയിലാണ് ഉച്ചയോടെ കീഴറയില്‍ വീട് വളഞ്ഞ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം. സിപിഐഎം പാര്‍ട്ടി കോടതി വിചാരണ ചെയ്ത് കൊല നടപ്പിലാക്കുകയായിരുന്നുവെന്ന പൊലീസ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സംഭവം വലിയ ചര്‍ച്ചാവിഷയമായത്.
ലീഗുകാരുടെ അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ജയരാജനും ടി.വി.രാജേഷും ചേര്‍ന്ന് ഗൂഡാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് കേസ്. തുടര്‍ന്ന് 2012 ആഗസ്ത് ഒന്നിന് ജയരാജനെ അറസ്റ്റ് ചെയ്തിരുന്നു. 28 ദിവസം ജയരാജയന്‍ ജയിലില്‍ കഴിഞ്ഞു. എന്നാല്‍ പി.ജയരാജനും ടി.വി.രാജേഷ് എംഎല്‍എയും ചേര്‍ന്ന് ആശുപത്രിയില്‍ വെച്ച് ഗൂഡാലോചന നടത്തുന്നത് കണ്ടുവെന്ന് മൊഴി കൊടുത്ത സാക്ഷികളായ പി.പി.അബു, മുഹമ്മദ് സാബിര്‍ എന്നിവര്‍ പിന്നീട് മൊഴിമാറ്റിയിരുന്നു. പ്രസ്തുത ദിവസം തങ്ങള്‍ ആശുപത്രിയില്‍ പോയില്ലെന്ന് ഇവര്‍ പിന്നീട് മുന്‍സിഫ് കോടതിയില്‍ മൊഴി കൊടുത്തത് ഏറെ വിവാദമായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad