Type Here to Get Search Results !

Bottom Ad

ദുബായിക്ക് വിസ്മയമാവാന്‍ വരുന്നൂ 'ലേ പേള്‍'


ദുബായ്: (www.evisionnews.co) കോരിച്ചൊരിയുന്ന മഴയില്‍ 25 മീറ്റര്‍ വരെ ഉയരത്തില്‍ കയറില്‍ പറക്കുന്ന കലാകാരന്മാര്‍, നിമിഷനേരം കൊണ്ട് അപ്രത്യക്ഷമാകുന്ന വെള്ളം, വര്‍ണവിളക്കുകളുടെ മാസ്മരിക ലോകം. ഇങ്ങനെ കാണികളുടെ നെഞ്ചിടിപ്പ് കൂട്ടുകയും പുതിയൊരു ലോകത്ത് അവരെ എത്തിക്കുകയും ചെയ്യുന്ന പുതിയ തിയറ്റര്‍ പ്രദര്‍ശനത്തിന് ദുബായ് വേദിയാകുന്നു.

ലോകത്തിലെ പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന 'ലേ പേള്‍' എന്ന കലാവിസ്മയത്തിനായുള്ള തിയേറ്റര്‍ ദുബായ് വാട്ടര്‍ കനാലിനടുത്ത അല്‍ ഹബ്തൂര്‍ സിറ്റിയിലാണ് ഒരുങ്ങിനില്‍ക്കുന്നത്. പ്രശസ്ത ഫ്രഞ്ച് കലാകാരനായ ഫ്രാങ്കോ ഡ്രാഗോണ്‍ ആണ് ലേ പേളിന്റെ ശില്‍പ്പി. ഒന്നരമണിക്കൂര്‍ നീളുന്ന പ്രദര്‍ശനത്തിന്റെ ചെറിയൊരുഭാഗം കഴിഞ്ഞദിവസം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഡ്രഗോണ്‍ അവതരിപ്പിച്ചു. നിലയ്ക്കാത്ത കൈയടികളോടെയാണ് എല്ലാവരും പ്രദര്‍ശനത്തെ വരവേറ്റത്.

23 രാജ്യങ്ങളില്‍നിന്നുള്ള 65 കലാകാരന്മാരാണ് ലൈവ് എന്റര്‍ടെയിന്‍മെന്റ് എന്ന നിലയിലുള്ള ലേ പേള്‍ അവതരിപ്പിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച ശാസ്ത്രസാങ്കേതിക വിദ്യകളും പ്രകാശവിസ്മയങ്ങളും ഭാവനയും ചേരുമ്പോള്‍ എന്താണ് യാഥാര്‍ഥ്യം എന്നറിയാതെ കാണികള്‍ അമ്പരക്കും. 1300 സീറ്റുകളുള്ള തിയേറ്റര്‍തന്നെ സവിശേഷമായ കാഴ്ചയാണ്. നിലത്ത് 12 മീറ്റര്‍ ആഴമുള്ള കുളത്തിന് ചുറ്റുമായാണ് കലാപ്രകടനങ്ങള്‍. ചിലപ്പോള്‍ അവര്‍ സൈക്കിളിലെത്തും. ചിലപ്പോള്‍ മേലെനിന്ന് ഊര്‍ന്നിറങ്ങുന്ന കയറുകളില്‍ ട്രപ്പീസിനെ വെല്ലുന്ന വൈഭവത്തോടെ അവര്‍ പറക്കും. 360 ഡിഗ്രിയിലുള്ള ശബ്ദമിശ്രണമാണ് മറ്റൊരു പ്രത്യേകത.

കനത്തമഴ പെയ്യുന്നതും കുളം നിറഞ്ഞൊഴുകുന്നതുമെല്ലാം മികച്ച കാഴ്ചകളാണ്. എന്നാല്‍ ഒരു മിനിറ്റിനകം വെള്ളം വറ്റിയിരിക്കും. 27 ലക്ഷം ലിറ്റര്‍ വെള്ളമാണ് പ്രദര്‍ശനത്തിന് ഉപയോഗിക്കുന്നത്. ഇത് തന്നെ സംസ്‌കരിച്ച് വീണ്ടും ഉപയോഗിക്കുന്നതാണ് രീതി. ഒരു ഒളിംപിക് സ്വിമ്മിങ് പൂളിനാവശ്യമായ വെള്ളമാണിത്.

ലാസ് വേഗാസിലെ വിനോദപരിപാടികളില്‍ നിന്നുള്ള ആശയം ഉള്‍ക്കൊണ്ടാണ് ഫ്രാങ്കോ ഡ്രഗോണ്‍ ലേ പേള്‍ ഒരുക്കിയിരിക്കുന്നത്. ദുബായിയുടെ സാംസ്‌കാരിക പൈതൃകവും ആധുനിക ദുബായിയുടെ തുടിപ്പും ഭാവിയിലേക്ക് കുതിക്കുന്ന നഗരത്തിന്റെ പ്രതീക്ഷകളുമെല്ലാം ചേര്‍ത്താണ് ഷോ ഒരുക്കിയിരിക്കുന്നതെന്ന് ഡ്രഗോണ്‍ പറഞ്ഞു. 

ലോകത്തെല്ലായിടത്തും വികാരങ്ങള്‍ ഒരുപോലെയാണ്. എന്നാല്‍ കഥകള്‍ പ്രാദേശികമായിട്ടായിരിക്കാം. ഇതിനൊപ്പം ലോകത്തിലെ ഏറ്റവും മികച്ച കലാകാരന്മാരെയും ഭാവനയെയും കൂട്ടിയിണക്കിയാണ് ഷോ തയ്യാറാക്കിയതെന്നും ഡ്രഗോണ്‍ വിശദീകരിക്കുന്നു.

ദുബായിലെ ആദ്യത്തെ സ്ഥിരം തിയേറ്റര്‍ ഷോ ആയിരിക്കും ലേ പേള്‍. ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ രാത്രി ഏഴിനും 9.30-നുമായിരിക്കും ഷോ. ശനിയാഴ്ചകളില്‍ നാലിനും ഏഴിനുമാണ്. ഞായര്‍, തിങ്കള്‍ അവധിയായിരിക്കും. നാനൂറ് ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്. അല്‍ ഹബ്തൂര്‍ ഗ്രൂപ്പാണ് ഈ ലോകനിലവാരത്തിലുള്ള തിയേറ്ററും ഷോയും ദുബായിക്ക് സമ്മാനിച്ചിരിക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad