മുംബൈ : (www.evisionnews.co) രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ മുംബൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ദാദര്‍, സയണ്‍, മാട്ടുംഗ, അന്ധേരി എന്നിവിടങ്ങളില്‍ റോഡില്‍ വെളളം കയറിയതിനെത്തുടര്‍ന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായി. ചിലയിടങ്ങളില്‍ ലോക്കല്‍ ട്രെയിന്‍ ഗതാഗതത്തെ മഴ ബാധിച്ചു. രണ്ടുദിവസംകൂടി മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
സാഹചര്യങ്ങളെ നേരിടാനും രക്ഷാപ്രവര്‍ത്തനം നടത്താനുമായി ദേശീയ ദുരിത നിവാരണ സേന തയാറെടുത്തു. രാവിലെ മുതല്‍ കനത്ത കാറ്റും മഴയുമുണ്ട്. മഴ ശമിക്കാത്തതിനാല്‍ ദുരിതബാധിത പ്രദേശങ്ങളുടെ എണ്ണം കൂടുകയാണ്. ആശുപത്രികളിലും വെള്ളം കയറി. കെഇഎം ആശുപത്രിയില്‍ വെള്ളം കയറി പ്രവര്‍ത്തനം തടസ്സപ്പെട്ടു. കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ റോഡുകളില്‍ അനാഥമായി കിടക്കുകയാണ്. മഴയെത്തുടര്‍ന്ന് മിലന്‍ സബ്‌വേ, അന്ധേരി സബ്‌വേ എന്നിവ അടച്ചതായി മുംബൈ പൊലീസ് അറിയിച്ചു.
പല വാഹനങ്ങളും ഒഴുകിപ്പോയി. വീടുകളില്‍ വെള്ളം നിറഞ്ഞതിനാല്‍ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് നഗരവാസികള്‍. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ താമസിക്കുന്ന പ്രദേശങ്ങളിലാണ് മഴ ദുരിതം വിതച്ചത്. എന്ത് ആവശ്യമുണ്ടെങ്കിലും '100' നമ്പര്‍ ഡയല്‍ ചെയ്യണമെന്നു മുംബൈ പൊലീസ് അറിയിച്ചു. നഗരത്തിലെ പ്രശസ്തമായ ഡബ്ബാവാലകളുടെ ജോലിയും പ്രയാസത്തിലായി. സൈക്കിളും ബൈക്കും ഓടിക്കാനാവാത്തതിനാല്‍ നടന്നാണ് ഇവര്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണപ്പൊതി എത്തിച്ചുകൊടുത്തത്.
Post a Comment
0 Comments