ദുബായ്: ബലിപെരുന്നാളിന് ഒരുദിനം ബാക്കി നില്‍ക്കെ രാജ്യം ആഘോഷങ്ങള്‍ക്കുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്. വാരാന്ത്യത്തില്‍ എത്തിയ പെരുന്നാളിനെ എങ്ങനെ വ്യത്യസ്തമായി സ്വീകരിക്കാമെന്ന ചിന്തയിലാണ് സ്വദേശികളും വിദേശികളും.
വിപണികള്‍ സജീവമായിക്കഴിഞ്ഞു. ബലിമൃഗങ്ങള്‍ തയ്യാറായി. ഈദ് ഗാഹുകള്‍ ക്രമീകരിച്ചുകഴിഞ്ഞു. ചൂടുകാലത്ത് വിദേശങ്ങളില്‍ പോയിരുന്ന സ്വദേശി കുടുംബങ്ങള്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ തിരിച്ചെത്തിത്തുടങ്ങി. സ്വകാര്യ മേഖലയില്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഉദ്യാനങ്ങള്‍, കടല്‍ത്തീരങ്ങള്‍, ഷോപ്പിങ് മാളുകള്‍, ജബല്‍ ജയ്സ് പോലുള്ള മലനിരകള്‍, എന്നിവിടങ്ങളെല്ലാം സന്ദര്‍ശകരാല്‍ നിറയും.
എല്ലാതരം ആളുകളെയും ആകര്‍ഷിക്കും വിധമുള്ള ആഘോഷപരിപാടികളാണ് രാജ്യത്തുടനീളം സജ്ജീകരിച്ചിരിക്കുന്നത്. വേനലവധി കഴിഞ്ഞെത്തിയ മലയാളികളും പെരുന്നാള്‍ ആവേശത്തിലാണ്. കുടുംബമായി പോയവരില്‍ പലരും ടിക്കറ്റ് വര്‍ധനമൂലം നേരത്തേയെത്തി പെരുന്നാള്‍ ഇവിടെ ആഘോഷിക്കുന്നുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ പ്രധാന വീഥികളും പട്ടണങ്ങളും വൈദ്യുത അലങ്കാരങ്ങളാല്‍ മനോഹരമാക്കിയിട്ടുണ്ട്. നിരവധി പ്രവാസി സംഘടനകളും കൂട്ടമായി പെരുന്നാള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ്. മാപ്പിളപ്പാട്ടുകളും കണ്ണഞ്ചിപ്പിക്കുന്ന നൃത്തവിസ്മയങ്ങളുമായി നാട്ടില്‍നിന്ന് കലാകാരന്മാരുടെ സംഘങ്ങളും പെരുന്നാള്‍ പ്രമാണിച്ച് ഇവിടെ എത്തിക്കഴിഞ്ഞു. രാവും പകലും നിറയുന്ന പെരുന്നാള്‍ ആഘോഷങ്ങള്‍ രാജ്യത്തുടനീളം അരങ്ങേറുന്ന ദിനരാത്രങ്ങളാണ് ഇനിയുള്ള മൂന്ന് നാളുകള്‍.
Post a Comment
0 Comments