Type Here to Get Search Results !

Bottom Ad

മാനഭംഗത്തിന് ഇരയായി ഗര്‍ഭിണിയായ പത്തു വയസുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി


ചണ്ഡിഗഡ് : (www.evisionnews.co) മാനഭംഗത്തിന് ഇരയായി ഗര്‍ഭിണിയായ 10 വയസുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ചണ്ഡിഗഡിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെയായിരുന്നു പ്രസവം. 2.5 കിലോ ഗ്രാം ഭാരമുള്ള കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജനിച്ച കുഞ്ഞിനെ ദത്ത് നല്‍കാന്‍ തയാറാണെന്ന് പത്തുവയസുകാരിയുടെ രക്ഷിതാക്കള്‍ പറഞ്ഞു. കുഞ്ഞിനെ ദത്തെടുക്കാന്‍ ആരെങ്കിലും എത്തുന്നതുവരെ ശിശുസംരക്ഷണ സമിതിക്കു കൈമാറും.

ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടി പെണ്‍കുട്ടിയും കുടുംബവും സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ആവശ്യം തള്ളിയിരുന്നു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. അതേസമയം, സ്വന്തം ഉദരത്തില്‍ ഒരു കുഞ്ഞു ജീവന്‍ തുടിക്കുന്ന വിവരം തിരിച്ചറിയാന്‍ പോലും പ്രായമെത്തും മുന്‍പാണ് ഈ പത്തുവയസ്സുകാരി അമ്മയായിരിക്കുന്നത്. വയറു വീര്‍ത്തുവരുന്നതിനു കാരണം 'വലിയൊരു കല്ലാണ്' എന്നാണ് കുട്ടി കരുതിയിരുന്നത്.

അമ്മയുടെ സഹോദരനാണ് പത്തുവയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. കഴിഞ്ഞ ഏഴുമാസത്തിനിടെ പല തവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് മൊഴി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വയറിന് പ്രശ്‌നങ്ങള്‍ തോന്നിയതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണില്‍ ആശുപത്രിയില്‍ പോയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം മാതാപിതാക്കള്‍ അറിഞ്ഞത്. ഗര്‍ഭച്ഛിദ്രത്തിനായി ചത്തിസ്ഗഢിലെ കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.

ഗര്‍ഭസ്ഥ ശിശുവിന് 32 ആഴ്ചപ്രായമായ സാഹചര്യത്തിലാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്. ഗര്‍ഭച്ഛിദ്രം അനുവദനീയമായ കാലയളവ് പെണ്‍കുട്ടി പിന്നിട്ടുവെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഗര്‍ഭസ്ഥശിശുവിന് 26 ആഴ്ച പ്രായമായ സാഹചര്യത്തിലാണ് കീഴ്‌ക്കോടതി അപേക്ഷ തള്ളിയത്. ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞിന് മറ്റു പ്രശ്‌നങ്ങളൊന്നുമില്ലാത്ത പക്ഷം, 20 ആഴ്ച പ്രായം വരെയേ ഗര്‍ഭം അലസിപ്പിക്കാന്‍ കോടതികള്‍ അനുവാദം നല്‍കാറുള്ളൂ.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad