Type Here to Get Search Results !

Bottom Ad

മക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച ഡ്രൈവര്‍മാര്‍ക്ക് പിഴ


മക്ക: (www.evisionnews.co) ഹജ്ജ് അനുമതി പത്രം ഇല്ലാത്തവരെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തിയതായി സൗദി പാസ്‌പോര്‍ട്ട് വകുപ്പ് അറിയിച്ചു. ഇതുവരെ 38 ഡ്രൈവര്‍മാരെയാണ് കസ്റ്റഡിയിലെടുത്തതെന്നും അധികൃതര്‍ പറഞ്ഞു.
നിയമ ലംഘകരായ ഡ്രൈവര്‍മാര്‍ക്ക് 19.45 ലക്ഷം റിയാലാണ് പിഴ ചുമത്തിയതെന്ന് പാസ്‌പോര്‍ട്ട് വകുപ്പ് സെക്യൂരിറ്റി ഫോഴ്‌സ് മേധാവി മേജര്‍ ജനറല്‍ ദൈഫുല്ല ബിന്‍ സത്താം അല്‍ ഹുവൈഫി പറഞ്ഞു. മക്കയിലേക്കുളള അതിര്‍ത്തി ചെക്ക് പോയിന്റുകളില്‍ പാസ്‌പോര്‍ട്ട് വകുപ്പ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണുകളാണ് കുറ്റക്കാര്‍ക്കെതിരെ ശിക്ഷ വിധിച്ചത്. 
ശിക്ഷ ലഭിച്ചവരില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടും. നിയമ ലംഘകരായ ഡ്രൈവര്‍മാര്‍ക്ക് തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. അനുമതി പത്രം ഇല്ലാത്തവരെ കടത്താന്‍ ഉപയോഗിച്ച എട്ട് വാഹനങ്ങള്‍ കണ്ടുകെട്ടുമെന്നും അധികൃതര്‍ പറഞ്ഞു. 
വാഹനത്തിലുളള ഒരു തീര്‍ഥാടകന് പതിനായിരം റിയാല്‍ വീതം പിഴയും 15 ദിവസം തടവുമാണ് ഡ്രൈവര്‍ക്ക് ലഭിക്കുന്ന ശിക്ഷ. നിയമ ലംഘകരായ വിദേശികളെ ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ നാടുകടത്തുമെന്നും മേജര്‍ ജനറല്‍ ദൈഫുല്ല ബിന്‍ സത്താം അല്‍ഹുവൈഫി പറഞ്ഞു.
നിയമ ലംഘകരെ മക്കയിലേക്ക് കടക്കാന്‍ അനുവദിയക്കില്ലെന്നും പ്രവേശന കവാടങ്ങളില്‍ സുരക്ഷാ സൈനികര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍തുര്‍ക്കി പറഞ്ഞു. അനുമതി പത്രം ഇല്ലാത്തവരെ തടയുന്നതിന് സെപ്തംബര്‍ ഒന്നു വരെ പരിശോധന തുടരും. ഹജ്ജ് അനുമതി ഇല്ലാത്ത നാല് ലക്ഷം തീര്‍ഥാടകരെ ഇതുവരെ തിരിച്ചയച്ചിട്ടുണ്ടെന്നും മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍തുര്‍ക്കി പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad