Type Here to Get Search Results !

Bottom Ad

പി.വി.അന്‍വര്‍ എംഎല്‍എയുടെ വാട്ടർ തീം പാര്‍ക്ക് പൂട്ടേണ്ടെന്ന് കൂടരഞ്ഞി പഞ്ചായത്ത്

മലപ്പുറം :(www.evisionnews.co) സിപിഎം സ്വതന്ത്ര എംഎൽഎ പി.വി.അന്‍വറിന്റെ ഉടമസ്ഥതയില്‍ കൂടരഞ്ഞിയിലുള്ള വിവാദ വാട്ടർ തീം പാര്‍ക്ക് തല്‍ക്കാലം പൂട്ടേണ്ടെന്ന് പഞ്ചായത്തിന്റെ തീരുമാനം. പി.വി.അന്‍വര്‍ പഞ്ചായത്തില്‍ സമർപ്പിച്ച രേഖകളുടെ ആധികാരികത പരിശോധിക്കാന്‍ പഞ്ചായത്ത് ഭരണസമിതി ഉപസമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷംമാത്രം നടപടി മതിയെന്നും ഭരണസമിതി തീരുമാനിച്ചു.

നേരത്തേ, വാട്ടർ തീം പാർക്കിന് അനുമതി നൽകിയതും കൂടരഞ്ഞി പഞ്ചായത്ത് ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. പാർക്കിന് ആവശ്യമായ രേഖകളുണ്ടെന്നും നാടിനു ഗുണകരമായ പദ്ധതിയാണെന്നും ഉപസമിതി കണ്ടെത്തി. പാർക്കിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ജൂൺ 11നാണ് പഞ്ചായത്ത് ഉപസമിതി പാർക്ക് സന്ദർശിച്ചത്. പഞ്ചായത്ത് പ്രസിഡന്റും സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും പ്രതിനിധികളും സെക്രട്ടറിയും ഉൾപ്പെട്ട ഉപസമിതിയുടെ കണ്ടെത്തൽ പാർക്കിന് അനുകൂലമായിരുന്നു.

ഫയർ സേഫ്റ്റി സർട്ടിഫിക്കറ്റും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ഇലക്ട്രിക്കൽ വിഭാഗത്തിന്റെയും അനുമതിയും പാർക്കിനുണ്ടെന്നും റിപ്പോർട്ടിൽ പ്രത്യേകം പറയുന്നുണ്ട്. കാലാവധി കഴിഞ്ഞ ഇലക്ട്രിക്കൽ വിഭാഗത്തിന്റെ സർട്ടിഫിക്കറ്റ് പുതുക്കാനും ഹാജരാക്കിയ രേഖകളുടെ ആധികാരികത ഉറപ്പാക്കാനും പ്രത്യേകം നിർദ്ദേശമുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയാണു പാർക്കിനു ലൈസൻസ് അനുവദിച്ചത്. വാട്ടർ തീം പാർക്ക് നിർമിച്ചത് കക്കാടംപൊയിലിലെ അതീവ പരിസ്ഥിതി ദുർബല പ്രദേശത്താണെന്നും റിപ്പോർട്ടു പുറത്തുവന്നിരുന്നു. അപകട സാധ്യത ഏറെയുള്ള പ്രദേശമെന്നു ദുരന്ത നിവാരണ വകുപ്പ് രേഖപ്പെടുത്തിയ മേഖലകളിലൊന്നാണ് കക്കാടംപൊയിൽ. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ അത്തരം പ്രദേശങ്ങളിൽ മഴക്കുഴി പോലും പാടില്ലെന്ന നിർദേശം ലംഘിച്ചാണ് മലകളുടെ വശങ്ങൾ ഇടിച്ച് പാർക്ക് നിർമിച്ചത്. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad