തിരുവനന്തപുരം∙ കൊല്ലം തീരത്ത് വള്ളത്തിൽ ഇടിച്ചത് ഹോങ്കോങ്ങിൽ റജിസ്റ്റർ ചെയ്ത കെഎസ്എൽ ആങ് യാങ് എന്ന കപ്പലാണെന്നു കണ്ടെത്തിയതായി നാവികസേന. പ്രാഥമിക നിരീക്ഷണത്തിന്റെ തുടർച്ചയായി നടത്തിയ അന്വേഷണത്തിലാണിതു വ്യക്തമായത്. കൊച്ചിയിൽനിന്നു 400 നോട്ടിക്കൽ മൈൽ (740 കിമീ) അകലെ രാജ്യാന്തര സമുദ്ര മേഖലയിലാണു കപ്പൽ ഇപ്പോഴുള്ളത്. കപ്പലിന്റെ നീക്കം നിരീക്ഷിക്കാൻ നാവികസേന പി8ഐ വിമാനം അയച്ചിട്ടുണ്ട്. ശ്രീലങ്കയുടെ വ്യോമാതിർത്തിയിൽപ്പെടുന്ന ഭാഗത്താണിത് എന്നതിനാൽ ലങ്കയുടെ അനുമതിയോടെയാണു നിരീക്ഷണപ്പറക്കലെന്നും അധികതർ വ്യക്തമാക്കി. </p>
<p>കപ്പലിനോട് ഇന്ത്യൻ തീരത്തോടു ചേർന്നുവരാൻ ആവശ്യപ്പെടുമെന്ന് നാവികസേന അറിയിച്ചു. വഴങ്ങുന്നില്ലെങ്കിൽ രാജ്യാന്തര കപ്പലോട്ട നിയമങ്ങൾ അനുസരിച്ചു കേസെടുക്കും. കൊച്ചി മേഖലയിലേക്കു കപ്പൽ കൊണ്ടുവരാൻ കപ്പിത്താൻ സന്നദ്ധനാകുന്നില്ലെങ്കിൽ പോർട് ബ്ലെയറിലേക്കു നീക്കാൻ ആവശ്യപ്പെടും. അതിനായി പോർട് ബ്ലെയറിൽനിന്നൊരു നാവികസേനാ കപ്പൽ പുറപ്പെട്ടിട്ടുണ്ട്. നടപടിക്കായി ആവശ്യമെങ്കിൽ വിദേശകാര്യമന്ത്രാലയത്തിന്റെ സഹായവും തേടുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇന്ത്യയുടെ നിർദേശം അംഗീകരിക്കാതെ കപ്പൽ കൊളംബോ ലക്ഷ്യമാക്കി നീങ്ങുകയാണെന്നും വിവരമുണ്ട്.
നീണ്ടകരയിൽ നിന്നു മത്സ്യബന്ധനത്തിനു പോയ വള്ളത്തിലാണ് വിദേശ കപ്പൽ ഇടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് നടന്ന അപകടത്തിൽ ആറു മത്സ്യത്തൊഴിലാളികൾക്കു പരുക്കേറ്റിരുന്നു. തമിഴ്നാട് കന്യാകുമാരി കുളച്ചൽ നീരോട് സ്വദേശി സഹായത്തിന്റെ ആരോഗ്യ അന്യ (വേളാങ്കണ്ണിമാതാ) എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. അതേസമയം, അപകടത്തിൽപെട്ട ആറു മൽസ്യതൊഴിലാളികളെയും അർധരാത്രിയോടെ കരയ്ക്ക് എത്തിച്ചു. ഉറങ്ങിക്കിടക്കുമ്പോഴാണ് അപകടമുണ്ടായതെന്നും ഒന്നും ഓർമയില്ലെന്നും രക്ഷപെട്ടവർ പറഞ്ഞു. വള്ളത്തിലിടിച്ച കപ്പലിനെപ്പറ്റിയുള്ള സൂചനകൾ ഇവർ കോസ്റ്റൽ പൊലീസിനു കൈമാറിയിരുന്നു.
Post a Comment
0 Comments