Type Here to Get Search Results !

Bottom Ad

മെസിയോ റൊണാള്‍ഡോയോ ? യൂറോപ്പിലെ മികച്ച ഫുട്‌ബോളറെ ഇന്നറിയാം


മൊണാക്കോ : (www.evisionnews.co) കാല്‍പ്പന്തുകളിയിലെ കേമനാരെന്ന പോരിന് ഇന്ന് ഉത്തരമാകും. കഴിഞ്ഞ സീസണിലെ യൂറോപ്പിലെ മികച്ച ഫുട്‌ബോളര്‍ക്കുള്ള യുവേഫ പുരസ്‌കാരങ്ങള്‍ ഇന്ന് മൊണാക്കോയില്‍ പ്രഖ്യാപിക്കും. സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസിക്കുമൊപ്പം ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂയിജി ബഫണ്‍ ആണ് മല്‍സരരംഗത്തുള്ളത്. നേരത്തെ രണ്ടു തവണ മെസിക്കും റൊണാള്‍ഡോയ്ക്കും യുവേഫ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് നിര്‍ണയ വേദിയിലാണു യുവേഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്.

റൊണാള്‍ഡോയാണു സാധ്യതകളില്‍ മുമ്പന്‍. ചാംപ്യന്‍സ് ലീഗ്, ലാ ലിഗ നേട്ടങ്ങളാണ് റൊണാള്‍ഡോയെ പ്രിയങ്കരനാക്കുന്നത്. 12 ഗോളുകളുമായി ചാംപ്യന്‍സ് ലീഗിലെ ടോപ്‌സ്‌കോററും ക്രിസ്റ്റ്യാനോ ആയിരുന്നു. ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂയിജി ബഫണാണ് യുവന്റസിനെ തുടര്‍ച്ചയായ ആറാമത്തെ സീരി എ കിരീടത്തിലേക്ക് നയിച്ചത്. ചാംപ്യന്‍സ് ലീഗിലെ രണ്ടാം സ്ഥാനവും യുവന്റസിനായിരുന്നു. ബാര്‍സിലോനയുടെ സമ്പാദ്യം സ്പാനിഷ് കിങ്‌സ് കപ്പ് മാത്രമാണെങ്കിലും ലാ ലിഗയില്‍ 37 ഗോളുകളുമായി ടോപ്‌സ്‌കോററായതാണു മെസിക്ക് അവസാന മൂന്നിടം നല്‍കിയത്.

ഇതുവരെ മെസിയും റൊണാണ്‍ഡോയും രണ്ടുതവണ വീതം പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. യുവേഫക്ക് കീഴിലുള്ള 80 ടീമുകളിലെ പരിശീലകരും 55 സ്‌പോര്‍ട്‌സ് ലേഖകരും ചേര്‍ന്നാണു മൂന്നുപേരുടെ ചുരുക്കപ്പട്ടിക നിര്‍ണയിച്ചത്. അവാര്‍ഡ്ദാന ചടങ്ങില്‍ തല്‍സമയ വോട്ടിങിലൂടെയാണു മൂന്നു പേരിലൊരാളെ വിജയിയായി പ്രഖ്യാപിക്കുക. സീസണിലെ മികച്ച വനിതാ താരമേതെന്നും മികച്ച ഗോളേതെന്നും ഇന്നത്തെ ചടങ്ങില്‍ പ്രഖ്യാപിക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad