Type Here to Get Search Results !

Bottom Ad

ഓണത്തിന് ആന്ധ്രയില്‍നിന്ന് 5000 ടണ്‍ അരി: ആദ്യ ലോഡ് 23ന് കേരളത്തിലെത്തും


കൊച്ചി : (www.evisionnews.co ) ഓണത്തിന് അരിക്ഷാമമുണ്ടാകില്ലെന്നു ഭക്ഷ്യവകുപ്പിന്റെ ഉറപ്പ്. ആന്ധ്രയില്‍നിന്നു നേരിട്ടു വാങ്ങിയ അരിയുടെ ആദ്യഗഡു 23ന് എത്തും. ആകെ 5000 ടണ്‍ ജയ അരി കേരളത്തിനു നല്‍കാമെന്നാണ് ആന്ധ്രയിലെ മില്ലുടമകളുമായുണ്ടാക്കിയ ധാരണ. ആന്ധ്ര സര്‍ക്കാരിന്റെ സഹായത്തോടെയാണു മില്ലുടമകളില്‍നിന്നു സപ്ലൈകോ നേരിട്ട് അരി സംഭരിക്കുന്നത്. ആന്ധ്രയില്‍നിന്നു ജയ അരി എത്തുന്നതോടെ വിപണിയില്‍ ഇപ്പോഴുള്ള അരി ദൗര്‍ലഭ്യം പരിഹരിക്കപ്പെടുമെന്നും അരി വില കുറയുമെന്നുമാണു പ്രതീക്ഷ.
ഈ മാസം 27നകം അയ്യായിരം ടണ്‍ അരിയും കേരളത്തിലെത്തും. കഴിഞ്ഞ ജൂലൈയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ആന്ധ്ര ഉപമുഖ്യമന്ത്രി കെ.ഇ. കൃഷ്ണമൂര്‍ത്തിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണു കേരളത്തിന് മില്ലുടമകളില്‍നിന്നു നേരിട്ട് അരി നല്‍കാമെന്ന ധാരണയായത്. തുടര്‍ന്ന് മന്ത്രി പി. തിലോത്തമനും ഉദ്യോഗസ്ഥ സംഘവും ആന്ധ്രയിലെത്തി മന്ത്രിമാരുമായും മില്ലുടമാ പ്രതിനിധികളുമായും ചര്‍ച്ച നടത്തിയിരുന്നു. സപ്ലൈകോയില്‍ നിലവില്‍ ഇ ടെന്‍ഡര്‍ വഴിയാണു കമ്പനികളില്‍നിന്ന് അരി വാങ്ങുന്നത്. ഇതിനു പകരം നേരിട്ട് അരി വാങ്ങാന്‍ സപ്ലൈകോയ്ക്കു സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. ആന്ധ്രയില്‍നിന്നു കേരളത്തിലേക്ക് നേരിട്ട് അരി എത്തിക്കാനുള്ള ധാരണ ഓണത്തിനു ശേഷവും തുടരുമെന്നു സപ്ലൈകോ എംഡി മുഹമ്മദ് ഹനീഷ് വ്യക്തമാക്കി. ഇതിനായി ആന്ധ്രയിലെ സിവില്‍ സപ്ലൈസ് കോര്‍പറേഷനുമായി ധാരണാ പത്രം ഒപ്പുവയ്ക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad