Type Here to Get Search Results !

Bottom Ad

അറഫാദിനത്തിന് ഇനി ഒരാഴ്ച; 14 ലക്ഷം തീര്‍ഥാടകര്‍ പുണ്യഭൂമിയില്‍


മക്ക: (www.evisionnews.co) ഹജ്ജിന്റെ സുപ്രധാന കര്‍മമായ അറഫാ സംഗമത്തിന് ഒരാഴ്ച ബാക്കിനില്‍ക്കെ, 14 ലക്ഷം വിദേശ തീര്‍ഥാടകര്‍ സൗദി അറേബ്യയിലെത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തീര്‍ഥാടകരുടെ എണ്ണത്തില്‍ 33 ശതമാനം വര്‍ധനയുണ്ട്. ഹജ്ജിനുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. 

ബുധനാഴ്ച വരെ 14.05 ലക്ഷം തീര്‍ഥാടകരാണ് വിദേശ രാഷ്ട്രങ്ങളില്‍ നിന്നെത്തിയത്. ജിദ്ദ, മദീന വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, അതിര്‍ത്തി ചെക് പോസ്റ്റുകള്‍ എന്നിവ വഴി കഴിഞ്ഞ രണ്ടുദിവസം കൊണ്ട് 35,000-ത്തിലധികം തീര്‍ഥാടകരും സൗദിയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 3,50,531 തീര്‍ഥാടകരാണ് അധികം എത്തിയത്. 13,13,946 തീര്‍ഥാടകര്‍ വിമാനമാര്‍ഗവും 79,501 പേര്‍ കര മാര്‍ഗവും 12,477 പേര്‍ കപ്പല്‍ മാര്‍ഗവുമാണ് എത്തിയതെന്ന് പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. 

മദീനയില്‍ ഇതുവരെ എട്ട് ലക്ഷം തീര്‍ഥാടകരാണ് എത്തിയത്. ദിവസം ശരാശരി 25,000 പേരാണ് മദീനയില്‍ എത്തുന്നത്. മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലേക്ക് പുറപ്പെടുന്ന തീര്‍ഥാടകരുടെ എണ്ണവും കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധിച്ചു. 6.21 ലക്ഷം തീര്‍ഥാടകര്‍ മദീനയിലെ മസ്ജിദുന്നബവി സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലേക്ക് മടങ്ങി. മദീനയില്‍ 1.78 ലക്ഷം തീര്‍ഥാടകരാണ് ഇപ്പോഴുളളത്. 

ഹജ്ജിനെ വരവേല്‍ക്കാന്‍ സൗദി അറേബ്യ കുറ്റമറ്റ സുരക്ഷാ ക്രമീകരണങ്ങളും തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി. തീര്‍ഥാടകരെ സഹായിക്കുന്നതിന് സൈന്യത്തെ പുണ്യനഗരങ്ങളില്‍ വിന്യസിച്ചു. പൊതുസുരക്ഷാ വിഭാഗത്തിലെ പോലീസ്, സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്കു പുറമെ കര, നാവിക, വ്യോമ സേനാ അംഗങ്ങളും റാപിഡ് ആക്ഷന്‍ ഫോഴ്സ് അംഗങ്ങളും ഹജ്ജ് സീസണ്‍ അവസാനിക്കുന്നതുവരെ പുണ്യഭൂമിയില്‍ ഉണ്ടാകും. 

വിവിധ സേനാവിഭാഗങ്ങളിലെ ഭടന്മാര്‍ മക്ക സ്പെഷ്യല്‍ എമര്‍ജന്‍സി ഫോഴ്സ് ക്യാമ്പില്‍ പരേഡ് നടത്തി. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ സാന്നിധ്യത്തില്‍ സുരക്ഷാ സൈനികരുടെ പരേഡും അഭ്യാസ പ്രകടനങ്ങളും നടന്നു. വിവിധ സുരക്ഷാ വകുപ്പുകള്‍ക്ക് കീഴിലെ ഭടന്മാര്‍ പരേഡില്‍ പങ്കെടുത്തു. ഹജ്ജിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഒരുക്കിയ അത്യാധുനിക ആയുധങ്ങളും ഉപകരണങ്ങളും ഹെലികോപ്റ്ററുകളും പരേഡില്‍ പ്രദര്‍ശിപ്പിച്ചു. ഭീകരാക്രമണം ചെറുക്കുന്ന മോക്ഡ്രില്ലും അരങ്ങേറി. ആഭ്യന്തരമന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സൗദ്, മദീന ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ സഊദ് ബിന്‍ ഖാലിദ് അല്‍ഫൈസല്‍, മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ അബ്ദുല്ല ബിന്‍ ബന്ദര്‍, സുപ്രീം ഹജ്ജ് കമ്മിറ്റി-സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരും സന്നിഹിതരായിരുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad