Type Here to Get Search Results !

Bottom Ad

ആര്‍.എസ്.എസ് ക്രിമിനലുകളുടെ സാമ്പത്തിക സ്രോതസ് അനേഷിക്കണം: എ. അബ്ദുല്‍ റഹ്മാന്‍


കാസര്‍കോട് (www.evisionnews.in): കാസര്‍കോടും പരിസര പ്രദേശങ്ങളിലും നടക്കുന്ന സാമുദായിക സംഘര്‍ഷങ്ങളിലും കൊലപാതകങ്ങളിലും പ്രതികളാകുന്ന ആര്‍.എസ്.എസ്, സംഘ്പരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ക്ക് നിയമ സഹായം ലഭ്യമാക്കുന്നതിനും ഉന്നത അഭിഭാഷകരെയും മറ്റും നിയമിക്കുന്നതിനും ചിലവഴിക്കുന്ന സാമ്പത്തിക ഉറവിടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

അടുത്ത കാലങ്ങളില്‍ നടന്ന ഒട്ടനവധി കൊലപാതകങ്ങളിലും മറ്റു ആക്രമ സംഭവങ്ങളിലും പ്രതികളാകുന്ന സാമ്പത്തിക ശേഷിയില്ലാത്ത സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്ക് വേണ്ടി ദിനംപ്രതി ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന അഭിഭാഷകരാണ് കോടതികളില്‍ ഹാജരാകുന്നത്. കൂട്ടത്തില്‍ ബി.ജെ.പിയുടെ സംസ്ഥാന, ദേശീയ കമ്മിറ്റിയംഗങ്ങളായ മുതിര്‍ന്ന നേതാക്കളടക്കമുള്ള വക്കീലമ്മാരും ഹാജരാകുന്നുണ്ട്. 

അവസാനമായി നാടിനെ നടുക്കിയ റിയാസ് മൗലവി വധക്കേസിലെ പ്രതികളായ ആര്‍.എസ്.എസ് ക്രിമിനലുകളെ ജാമ്യത്തിലെടുക്കാന്‍ വേണ്ടി ഹാജരായത് ജില്ലക്ക് പുറത്തുള്ള പ്രഗത്ഭനായ അഭിഭാഷകനാണ്. നയാ പൈസക്ക് ഗതിയില്ലാത്ത ഗുണ്ടാ സംഘങ്ങള്‍ക്ക് സംഘ് പരിവാര്‍ സംഘടനകളുടെ ജില്ലാ, സംസ്ഥാന, ദേശീയ നേതാക്കളുടെ ശക്തമായ പിന്തുണയും സഹായങ്ങളും ലഭിക്കുന്നുവെന്നതിന്റെ ഏറ്റവും വലിയ തെളിവുകളാണിത്. ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ വ്യാപകമായ രീതിയില്‍ അഴിമതി നടത്തിയും, കള്ളനോട്ടടിച്ചും സ്വരൂപിച്ച പണമാണ് ഇത്തരത്തില്‍ ക്രിമിനലുകളുടെ സംരക്ഷണത്തിന് വേണ്ടി ചിലവഴിക്കുന്നത്.

ജില്ലയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി സംസ്ഥാന നേതാവിന്റെ ആശിര്‍വാദത്തോടെയാണ് ഗുണ്ടാ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കേസുകളില്‍ പ്രതികളാകുന്ന പരിശീലനം ലഭിച്ച ക്രിമിനലുകളുടെ മൊഴിമാത്രം അടിസ്ഥാനമാക്കി കേസന്വേഷണം നടത്തുന്നത് മൂലമാണ് ഇതിന്റെ പിന്നിലെ ഗൂഡാലോചനകളും സാമ്പത്തിക സ്രോതസും പുറത്തുവരാതിരിക്കുന്നത്. ഇക്കാര്യങ്ങളെ കുറിച്ച് വിശദമായി അന്വേഷണം നടത്തുവാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡി.ജി.പി എന്നിവര്‍ക്ക് നല്കിയ കത്തില്‍ അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad