കാസര്‍കോട് (www.evisionnews.in): കാസര്‍കോട് നഗരസഭാ മുന്‍ അംഗവും മുതിര്‍ന്ന മുസ്‌ലിം ലീഗ് നേതാവുമായ നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ കെ.എ താഹിര്‍ (70) നിര്യാതനായി. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയുടെ സഹോദരി ഭര്‍ത്താവാണ്.
വാര്‍ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടോടെ വീട്ടില്‍ വെച്ചാണ് മരണം. മുന്‍ എം.പിയായിരുന്ന ഹമീദലി ശംനാട് കാസര്‍കോട് നഗരസഭാ ചെയര്‍മാനായിരുന്ന കാലയളവില്‍ താഹിര്‍ നെല്ലിക്കുന്ന് വാര്‍ഡിനെ പ്രതിനിധീകരിച്ച് അംഗമായിരുന്നു. നെല്ലിക്കുന്ന്, കടപ്പുറം പ്രദേശങ്ങളില്‍ മുസ്ലിം ലീഗിനെ കെട്ടിപ്പടുക്കുന്നതില്‍ അഹോരാത്രം പ്രവര്‍ത്തിച്ചു. നെല്ലിക്കുന്ന് മുസ്ലിം ലീഗ് ശാഖാ വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. നെല്ലിക്കുന്നിലെ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തും സജീവമായിരുന്നു. 40 വര്‍ഷത്തോളം തളങ്കരയില്‍ റേഷന്‍ കട നടത്തിയിരുന്നു. മുന്‍ എം.എല്‍.എ പരേതനായ ബി.എം അബ്ദുല്‍ റഹിമാന്‍ സാഹിബിനൊപ്പം പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. നെല്ലിക്കുന്ന് അന്‍വാറുല്‍ ഇസ്ലാം സംഘത്തിന്റെ പ്രസിഡണ്ട്, സെക്രട്ടറി തുടങ്ങി ഭാരവാഹിത്വം ദീര്‍ഘകാലം വഹിച്ചു.
പരേതരായ കല്ലുവളപ്പില്‍ അബ്ദുല്ലയുടെയും ആയിഷാബീവിയുടെയും മകനാണ്. ഭാര്യ: ഫാത്തിമാബി. മക്കള്‍: മുഹമ്മദ് ഷാഫി, വാഹിദ, പരേതയായ സമീമ. മരുമക്കള്‍: അബ്ദുല്ല നായന്മാര്‍മൂല, അമീര്‍ ചെമ്മനാട്, സഹോദരങ്ങള്‍: അബ്ദുല്‍ റഹ്മാന്‍, സുബൈര്‍, ലൈല പരേതയായ ഖദീജ.
Post a Comment
0 Comments