ബംഗളുരു (www.evisionnews.in): കര്‍ണാടകയില്‍ വര്‍ഗീയ സംഘര്‍ഷത്തിനിടെ ആര്‍.എസ്.എസുകാരന്റെ ജീവന്‍ രക്ഷിക്കാന്‍ മുസ്ലിം യുവാവ് നടത്തിയ ശ്രമത്തെ അഭിനന്ദിച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കുടുംബം. കുത്തേറ്റ ശരത് മാദിവാലയെ രക്ഷിക്കാന്‍ ഫ്രൂട്ട് കട നടത്തുന്ന അബ്ദുല്‍ റഹൗഫിന്റെ ഇടപെടലുകളാണ് അഭിനന്ദനീയമായത്.
ജൂലൈ നാലിനായിരുന്നു സംഭവം. ബന്‍ത്വാല്‍ താലൂക്കിലെ ബി.സി റോഡിലെ ബന്ധുവിന്റെ ലോണ്ടറി ഷോപ്പിലായിരുന്നു ശരത് മാദിവാല എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍. രാത്രി എട്ടരയോടെ അവിടേക്ക് കടന്നുകയറിയ അക്രമികള്‍ അദ്ദേഹത്തെ കത്തിയെടുത്തു കുത്തുകയായിരുന്നു.
ശരത്തിന്റെ ലോണ്ടറി ഷോപ്പിന് അടുത്ത് ഫ്രൂട്ട് കട നടത്തുകയായിരുന്ന അബ്ദുല്‍ റഹൗഫ് അവിടേക്ക് ഓടിച്ചെല്ലുകയും മാദിവാലയെ എടുത്ത് അദ്ദേഹത്തിന്റെ ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുപോകുകയുമായിരുന്നു. റഹൗഫ് പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ശരത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ ജൂലൈ എട്ടിന് അദ്ദേഹം മരിക്കുകയായിരുന്നു.
അതേസമയം, മകനെ രക്ഷിക്കാന്‍ റഹൗഫ് കാണിച്ച നന്മയ്ക്ക് നന്ദി അറിയിച്ച് ശരത്തിന്റെ പിതാവ് രംഗത്തുവന്നു. 'റഹൗഫിനെ എനിക്കറിയാം. മകനെ ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തിന് ഞങ്ങള്‍ നന്ദി അറിയിക്കുന്നു.' ശരത്തിന്റെ അച്ഛന്‍ താനിയപ്പ പറഞ്ഞു.
കടയ്ക്കുള്ളിലിരുന്ന് നിസ്‌കരിച്ച് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങവെയാണ് ശരത് സമീപത്ത് ഗ്രോസറി ഷോപ്പ് നടത്തുന്ന പ്രവീണോട് സഹായമഭ്യര്‍ത്ഥിച്ച് കരയുന്നത് കേട്ടത്. 'റഹൗഫ് ബയ്യാ വരൂ, ആരോ ശരത്തിനെ വെട്ടിയിരിക്കുന്നു. അദ്ദേഹം രക്തത്തില്‍ കുളിച്ചു കിടക്കുകയാണ്.' പ്രവീണ്‍ വിളിച്ചു പറഞ്ഞു.
എന്താണ് സംഭവം എന്നു മനസിലായില്ലെങ്കിലും താന്‍ കടയില്‍ നിന്നും അവിടേക്ക് ഓടിപ്പോയെന്ന് റഹൗഫ് പറയുന്നു. 'ശരത് രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു. അദ്ദേഹത്തെ ആശുപത്രിയില്‍ എത്രയും പെട്ടെന്ന് എത്തിക്കലായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതുവഴി വന്ന എല്ലാ വാഹനങ്ങള്‍ക്കുനേരെയും കൈകാട്ടി. പക്ഷെ ആരും തിരിഞ്ഞുനോക്കിയില്ല.' എന്നാല്‍ റഹൗഫ് ഉടന്‍ തന്നെ തന്റെ ഓട്ടോറിക്ഷയെടുത്തു വരികയും ആശുപത്രിയിലേക്ക് കുതിക്കുകയുമായിരുന്നു.
Post a Comment
0 Comments