തിരുവനന്തപുരം : (www.evisionnews.in) ചരക്ക്,സേവന നികുതി (ജിഎസ്ടി) നിലവില്‍ വന്നതോടെ ബാധിച്ച വിലക്കയറ്റം മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ക്കും വില്ലനാകുന്നു. റീചാര്‍ജ് തുകയില്‍ നികുതിയിനത്തില്‍ ഈടാക്കുന്ന തുകയില്‍ വന്‍വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഒറ്റയടിക്ക് അഞ്ചുരൂപയുടെ വരെ വര്‍ധനയാണ് ജിഎസ്ടിക്കു പിന്നാലെയുണ്ടായത്.
ജിഎസ്ടിക്കു മുന്‍പ് 100 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 86 രൂപ കിട്ടിയിരുന്നിടത്ത് ഇപ്പോള്‍ 81.75 രൂപ മാത്രമാണു ലഭിക്കുക. അതായത് ജിഎസ്ടി ചോര്‍ത്തിക്കൊണ്ടുപോയത് അഞ്ച് രൂപ. നൂറ് രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 19 രൂപ വെറുതേപോകുമെന്ന് ചുരുക്കം. മൊബൈല്‍ സേവനങ്ങളുടെ നികുതി 15ല്‍നിന്ന് 18 ശതമാനമായി ജിഎസ്ടിയില്‍ ഉയര്‍ത്തിയതാണ് മൊബൈല്‍ സംസാരം ചെലവേറിയതാക്കിയത്.
ഫുള്‍ ടോക്ടൈം, എക്‌സ്ട്രാ ടോക്ടൈം തുടങ്ങിയ ഓഫറുകള്‍ കണ്ടെത്തി ചാര്‍ജ് ചെയ്യുക മാത്രമാണ് ഈ നഷ്ടത്തില്‍നിന്ന് രക്ഷപെടുന്നതിനുള്ള ഏകവഴി. അതേസമയം, ജിഎസ്ടിക്കുശേഷവും ബിഎസ്എന്‍എല്‍ അടക്കമുള്ള ഒരു കമ്പനികളും ഓഫറുകളില്‍ ടോക്ടൈമിന് കുറവ് വരുത്തിയിട്ടില്ല. നികുതി വര്‍ധനയിലെ നഷ്ടം തല്‍കാലം സഹിക്കാനാണ് തീരുമാനം.
പക്ഷേ, ഇന്റര്‍നെറ്റും ടോക്ടൈമുമെല്ലാം പൂര്‍ണമായും സൗജന്യമായി നല്‍കിയിരുന്ന ചില സ്വകാര്യ കമ്പനികള്‍ക്ക് ജിഎസ്ടി അടക്കേണ്ടി വരുന്നതോടെ ആ സൗജന്യം പിന്‍വലിക്കുന്നതിനുള്ള സാധ്യതയുണ്ട്. അങ്ങിനെയെങ്കില്‍ ജിഎസ്ടി മൂലം സൗജന്യവും നില്‍ക്കും കോള്‍ നിരക്കുമേറും.
Post a Comment
0 Comments