Type Here to Get Search Results !

Bottom Ad

റീസര്‍വേ പരമാവധി പരാതികള്‍ തീര്‍പ്പാക്കണം-മന്ത്രി ഇ ചന്ദ്രശേഖരന്‍


കാസര്‍കോട്: (www.evisionnews.in)ജില്ലയിലെ 10 വില്ലേജുകളില്‍ നടക്കുന്ന റീസര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയിലാണ് പുരോഗമിക്കുന്നതെന്നും ഭൂവുടമകളുടെ  പരാതികളുണ്ടെങ്കില്‍ പരിഹരിച്ച് റീസര്‍വ്വെ പൂര്‍ത്തിയാക്കാന്‍ സാധിക്കണമെന്നും റവന്യൂ സര്‍വ്വേ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.  കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റീസര്‍വ്വെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

റീസര്‍വ്വെ റെക്കാര്‍ഡുകളിലെ പരാതികള്‍ പരമാവധി പരിഹരിക്കണമെന്ന് മന്ത്രി പറഞ്ഞു. റീസര്‍വ്വെ പ്രവര്‍ത്തനം പൂര്‍ത്തിയായ വില്ലേജുകളിലെ ക്യാമ്പ് ഓഫീസുകളില്‍ റീസര്‍വ്വേ  റിക്കാര്‍ഡുകള്‍ ഭൂവുടമകള്‍ക്ക് ഈ മാസം 31 വരെ പരിശോധിക്കാം. ഇതു സംബന്ധിച്ച് തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍, അംഗങ്ങള്‍, സെക്രട്ടറിമാര്‍, സര്‍വേയുമായി സഹകരിക്കുന്ന വിവിധ സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയകക്ഷികള്‍, സാമൂഹികസംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെയെല്ലാം വിവരമറിയിച്ച് യോഗം ഈ മാസം അഞ്ചിനകം  വിളിച്ചുചേര്‍ക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

റീസര്‍വ്വേ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പരാതികളും ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട സര്‍വ്വേ പരാതികളും രണ്ടായി പരിഗണിച്ച് നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. റീസര്‍വേ സംബന്ധിച്ച് പരാതി പരിഹരിക്കുന്നതു വരെ നിലവില്‍  നികുതി വാങ്ങിക്കൊണ്ടിരിക്കുന്ന കൈവശക്കാരനില്‍ നിന്ന് നികുതി സ്വീകരിക്കേണ്ടതാണെന്നും  മന്ത്രി പറഞ്ഞു. ഭൂമിയുടെ പോക്കുവരവ് സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി വില്ലേജുകളില്‍ സൂക്ഷിക്കണമെന്ന് യോഗത്തില്‍ ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ പറഞ്ഞു.

യോഗത്തില്‍ റീസര്‍വേ സ്‌പെഷ്യല്‍ ഓഫീസര്‍ പി മധുലിമായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ, എ ഡി എം കെ അംബുജാക്ഷന്‍, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എ പ്രദീപന്‍, ഡപ്യൂട്ടി കളക്ടര്‍(എല്‍ ആര്‍) എച്ച് ദിനേശന്‍, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, സര്‍വേ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

റീസര്‍വേ രേഖകള്‍ ഭൂവുടമകള്‍ക്ക് പരിശോധിക്കാം

കാസര്‍കോട്: ഹൊസ്ദുര്‍ഗ് താലൂക്കില്‍ ഉദുമ, പള്ളിക്കര, പള്ളിക്കര-രണ്ട്, ഹൊസ്ദുര്‍ഗ്, ചെറുവത്തൂര്‍, പീലിക്കോട്, മാണിയാട്ട്, കീക്കാന്‍, ചിത്താരി, അജാനൂര്‍ എന്നീ വില്ലേജുകളുടെ റിസര്‍വേ പ്രവര്‍ത്തനം പൂര്‍ത്തിയായി. ഭൂമി റീസര്‍വെ ചെയ്ത റിക്കാര്‍ഡുകള്‍ ബന്ധപ്പെട്ട റീസര്‍വെ ക്യാമ്പ് ഓഫീസുകളില്‍ സജ്ജമാക്കിയിട്ടുണ്ട്. അത് പരിശോധിച്ചു ഭൂമിയുടെ അതിര്‍ത്തി, വിസ്തീര്‍ണ്ണം, ഭൂവുടമയുടെ പേര് എന്നിവ കൃത്യമായി വന്നിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് റിസര്‍വേ സ്‌പെഷ്യല്‍ ടീം കോര്‍ഡിനേറ്റര്‍ അറിയിച്ചു. റീസര്‍വെ റിക്കാര്‍ഡുകളില്‍ ഭൂവുടമയുടെ വിവരങ്ങള്‍ ശരിയായി വന്നില്ലായെങ്കില്‍ ഭാവിയില്‍ ഭൂമിയുടെ നികുതി അടയ്ക്കുന്നതിനും വസ്തു കൈമാറ്റം ചെയ്യുന്നതിനും ഭൂമി സംബന്ധമായി വരുന്ന മറ്റെല്ലാ ആവശ്യങ്ങള്‍ക്കും തടസം വരാനിടയുണ്ട്. ആയതിനാല്‍ റീസര്‍വെ റിക്കാര്‍ഡുകളുടെ പരിശോധന നിര്‍ബന്ധമായും ചെയ്യേണ്ടതാണ്.

പരിശോധനാ കേന്ദ്രങ്ങള്‍

ഉദുമ വില്ലേജിലെ ഭൂവുടമകള്‍ക്ക് ഉദുമ ഗ്രാമ പഞ്ചായത്ത് കമ്മ്യൃണിറ്റി ഹാളിലും പള്ളിക്കര-രണ്ട് വില്ലേജിലെ ഭൂവുടമകള്‍ക്ക് വില്ലേജ് ഓഫീസ് പരിസരത്തെ വെസ്റ്റന്‍ഡ് റസിഡന്‍സി ഹാളിലും പള്ളിക്കര വില്ലേജിലെ ഭൂവുടമകള്‍ക്ക് പള്ളിക്കര സിഡിഎസ് ഹാളിലും കീക്കാന്‍ വില്ലേജിലെ കീക്കാന്‍ കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളിലും ചിത്താരിയിലുള്ളവര്‍ക്ക് വില്ലേജ് ഓഫീസിലും അജാനൂര്‍ വില്ലേജിലുളളവര്‍ക്ക് അജാനൂര്‍ കുടുംബശ്രീ കമ്മ്യൂണിറ്റി ഹാളിലും ഹൊസ്ദുര്‍ഗ് വില്ലേജിലുള്ളവര്‍ക്ക് എല്‍ഐസി ഓഫീസിനു സമീപത്തെ ഹൊസ്ദുര്‍ഗ് സുപ്രണ്ട് ഓഫീസിലും ചെറുവത്തൂരിലെ ഭൂവുടമകള്‍ക്ക് ചെറുവത്തൂര്‍ പഞ്ചായത്ത് ഹാളിലും(അനക്‌സ് ബില്‍ഡിംഗ്) പീലിക്കോട്, കാലിക്കടവ് സുപ്രണ്ട് ഓഫീസിലും മാണിയാട്ട് വില്ലേജിലെ  ഭൂവുടമകള്‍ക്ക് മാണിയാട്ട് സുപ്രണ്ട് ഓഫീസിലും സജ്ജീകരിച്ചിരിക്കുന്ന ക്യാമ്പ് ഓഫീസുകളില്‍ റീസര്‍്വെ റെക്കാര്‍ഡുകള്‍ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്താം. ഭൂവുടമകള്‍ റീസര്‍വെ റെക്കാര്‍ഡുകളുടെ പരിശോധന നിര്‍ബന്ധമായും നടത്തണമെന്ന് റിസര്‍വേ സ്‌പെഷ്യല്‍ ടീം കോര്‍ഡിനേറ്റര്‍ അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad