ഉദുമ:(www.evisionnews.in) കാസര്‍കോട്- കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ ഉദുമ ടൗണില്‍ കെ.എസ്.ടി.പിക്കായി ആര്‍.ഡി.എസ് കമ്പനി നടത്തുന്ന റോഡ് പണി പൂര്‍ത്തിയായിട്ടും അപകടം തടയാന്‍ ഡിവൈഡര്‍ അടക്കമുള്ള സംവിധാനമൊരുക്കാത്തതിനാല്‍ ഉദുമ ടൗണില്‍ വാഹനാപകടങ്ങള്‍ വര്‍ധിച്ചു വരികയാണെന്ന് ഉദുമ വികസന ആക്ഷന്‍ കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് നല്‍കിയ നിവേദനത്തില്‍ പറഞ്ഞു.
ആക്ഷന്‍ കമ്മിറ്റി രക്ഷാധികാരി കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, ചെയര്‍മാന്‍ എ.വി ഹരിഹര സുധന്‍, കണ്‍വീനര്‍ ഫറൂഖ് കാസ്മി, ഉദുമക്കാര്‍ കൂട്ടായ്മ ചെയര്‍മാന്‍ അബ്ദുല്ലക്കുഞ്ഞി ഉദുമ, മെമ്പര്‍ കെ. ബാലകൃഷ്ണന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ് സെക്രട്ടറി യൂസഫ് റൊമാന്‍സ്, ട്രഷറര്‍ പി.കെ.ജയന്‍ എന്നിവരടങ്ങുന്ന സംഘമാണ് നിവേദനം നല്‍കിയത്.
കാസര്‍കോട്- കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ മിക്ക ടൗണുകളിലും ഡിവൈഡറുകളും സിഗ്‌നല്‍ ലൈറ്റുകളും സ്ഥാപിച്ചപ്പോള്‍ ഉദുമയെ കെ.എസ്.ടി.പി അവഗണിച്ചു. സീബ്രാലൈനോ മറ്റ് സുരക്ഷാ സിഗ്‌നലുകളോ ഇല്ലാത്തതിനാല്‍ ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വില്ലേജ് ഓഫീസ്, ഗവ: ആസ്പത്രി, കൃഷിഭവന്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് പോകേണ്ടവരും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് റോഡ് മുറിച്ചു കടക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ നൂറിലധികം വാഹനാപകടങ്ങള്‍ ഇവിടെയുണ്ടായി. ഇരുപത് പേരുടെ ജീവന്‍ പൊലിഞ്ഞു. ഉദുമ ടൗണില്‍ തന്നെ അഞ്ചു പേരാണ് മരിച്ചത്. വാഹനങ്ങളുടെ അമിത വേഗമാണ് കൂടുതലും അപകടത്തിന് കാരണമാകുന്നത്.
ജനത്തിരക്കേറിയ ഉദുമ ടൗണില്‍ ഡിവൈഡര്‍ നിര്‍മിക്കാത്തതിനാല്‍ വാഹനങ്ങള്‍ തെറ്റായ ദിശയിലും അതിവേഗത്തിലും വരുകയാണ്. റോഡിന് ആവശ്യമായ വീതിയില്ല. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനോ പരിശോധിക്കാനോ ഉള്ള ഉപകരണവും ഇവിടെയില്ല. തൊട്ടടുത്ത് റെയില്‍വേ ട്രാക്കായതിനാല്‍ നിയന്ത്രണം നഷ്ടപ്പെട്ട വാഹനങ്ങള്‍ റെയില്‍വേ ട്രാക്കിലേക്ക് ഇടിച്ചു കയറാനുള്ള സാധ്യതയുമുണ്ട്. റെയില്‍വേ ട്രാക്ക് സൈഡില്‍ നിര്‍മിച്ച ഇരുമ്പു വേലി വളരെ ദുര്‍ബലവുമാണ്. റോഡും റെയിലും വളരെ അടുത്തടുത്താണ്. ദിനംപ്രതി നൂറുക്കണക്കിന് ചരക്കു വാഹനങ്ങള്‍ കടന്നുപോകുന്ന റോഡായതിനാല്‍ എതിര്‍ദിശയില്‍ നിന്നും ക്രമം തെറ്റി അമിത വേഗതയില്‍ വരുന്ന വാഹനങ്ങള്‍ ഏതു നിമിഷവും നിയന്ത്രണം വിട്ട് ട്രാക്കിലേക്ക് ഇടിച്ചുകയറാനുള്ള സാധ്യത വളരെ കൂടുതലാണ്. അപകടങ്ങള്‍ തടയാന്‍ ഉദുമ ടൗണില്‍ ഡിവൈഡറും സിഗ്‌നല്‍ ലൈറ്റുകളും സ്ഥാപിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നിവേദനത്തില്‍ അവശ്യപ്പെട്ടു.
Post a Comment
0 Comments