Type Here to Get Search Results !

Bottom Ad

ഉദുമക്കാരുടെ പ്രതിഷേധം ഫലം കണ്ടു:ടൗണില്‍ നാലുവരിപ്പാതയാക്കി ഡിവൈഡര്‍ പണിയും

ഉദുമ:(www.evisionnews.in) ഉദുമ ക്കാരുടെ പ്രതിഷേധം ഒടുവില്‍ കെ.എസ്.ടി.പി അധികൃതര്‍ ചെവികൊണ്ടു. വാഹനാപകടത്തില്‍രണ്ടു വര്‍ഷത്തിനിടെ ഇരുപതിലേറെ ജീവനുകള്‍ പൊലിഞ്ഞ കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ ഉദുമ ടൗണില്‍ നാലുവരിപ്പാതയാക്കി ഡിവൈഡര്‍ പണിയും. മറ്റു റോഡ് സുരക്ഷാ സംവിധാനവും ഉണ്ടാക്കും.  കെ.എസ്.ടി.പി.ഉന്നതതല യോഗത്തിലാണ് തീരുമാനം. ഉദുമ ടൗണില്‍ നിലവില്‍ അനുഭവിക്കുന്ന ഗതാഗതക്കുരുക്കും അപകടവും ഒഴിവാക്കാനാണ് നാലുവരിപ്പാത നിര്‍മിക്കാന്‍ തീരുമാനിച്ചത്. ടൗണിനോടു ചേര്‍ന്ന് ഇരു ഭാഗത്തേക്കുമായി 600 മീറ്റര്‍ ദൂരമാണ് നാലുവരിപ്പാതയാക്കുക. സിണ്ടിക്കേറ്റ് ബാങ്ക് പരിസരം മുതല്‍ പുതിയ നിരം ജംഗ്ഷന്‍ വരെ ഒറ്റവരി ഡിവൈഡര്‍ സ്ഥാപിക്കും. ഉദുമ റെയില്‍വേ ഗേറ്റ് ഭാഗത്ത് ബസുകള്‍ നിര്‍ത്തുമ്പോഴുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ റോഡ് വീതി കൂട്ടി ടാര്‍ ചെയ്യും. നിലവിലുള്ള റോഡിന്റെ ഇരുഭാഗത്തും മൂന്നര മീറ്റര്‍ ബസ് ബേക്കായി വീതി കൂട്ടുന്ന ജോലി കഴിഞ്ഞ ദിവസം മുതല്‍ യുദ്ധകാലാടിസ്ഥാത്തില്‍ നടന്നുവരികയാണ്.കാസര്‍കോട് ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പു കേന്ദ്രം ഇലക്ട്രിക് സിറ്റി ഓഫീസ് പരിസരത്തേക്കും കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം ഉദുമ സര്‍വീസ് സഹകരണ ബാങ്കിന് മുന്‍വശത്തേക്കും മാറ്റി സ്ഥാപിക്കും. ഉദുമ റെയില്‍വേ ഗേറ്റ് പരിസരത്ത് വീതി കുറഞ്ഞ സര്‍ക്കിള്‍ നിര്‍മ്മിക്കും. പാതിവഴിയിലായ ഡ്രൈനേജുകളുടെ കണക്ഷന്‍ ഉടന്‍ ബന്ധിപ്പിക്കും. പുതിയ നിരം മുതല്‍ പള്ളം വരെ പുതുതായി ഡ്രൈയ്‌നേജ് പണിയും. ഉദുമ ടൗണില്‍ വെള്ളക്കെട്ടുള്ള ഭാഗത്ത് ഡ്രൈയ്‌നേജ് ഉയര്‍ത്തി ആവശ്യമായ പരിഹാരം ഉണ്ടാക്കും. മഴ മാറിയ ശേഷമേ നിര്‍മാണം തുടങ്ങൂ എന്ന് കെ.എസ്.ടി.പി. അധികൃതര്‍ വ്യക്തമായി. നിര്‍മാണം തുടങ്ങി രണ്ടു മാസത്തിനകം സംവിധാനം പൂര്‍ത്തിയാക്കും. കെ.എസ്.ടി.പി. റോഡിലേക്കുള്ള കണക്ഷന്‍ റോഡുകള്‍ ടാര്‍ ചെയ്യുന്ന ജോലി നടന്നു വരികയാണ്. കെ.എസ്.ടി.പി.റോഡ് കടന്നു പോകുന്ന മറ്റു ടൗണുകളിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമ്പോഴും റെയില്‍പ്പാത രണ്ടായി പകുത്ത ഉദുമ യെ ടൗണ്‍ഷിപ്പായി കാണാതെ കെ.എസ്.ടി .പി. പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്നു. ഡിവൈഡര്‍ ഇല്ലാത്തതിനാല്‍ ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങള്‍ തിരക്കേറിയ ഉദുമ ടൗണിലൂടെ തോന്നും പോലെയാണ് ഓടുന്നത്. റോഡുപണി ഏതാണ്ട് പൂര്‍ത്തിയായിട്ടും ഉദുമ ടൗണില്‍ ഡിവൈഡറോ സീബ്രാലൈനോ  മറ്റു സുരക്ഷാ സിഗ്‌നലുകളോ ഇല്ലാത്തതിനാല്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചു വരികയായിരുന്നു. നിരന്തരം അപകടം ഉണ്ടാവുന്നതിനാല്‍ ഉദുമ ക്കാര്‍ കൂട്ടായ്മയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും സര്‍വ കക്ഷി യോഗം വിളിച്ചു ചേര്‍ത്ത് ഉദുമ വികസന ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമര രംഗത്തിറങ്ങുകയായിരുന്നു. ഉദുമ എം.എല്‍. എ .കെ. കുഞ്ഞിരാമന്‍, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. മുഹമ്മദലി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷരീഫ് തുടങ്ങിയവര്‍ രക്ഷാധികാരികളും  വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ് പ്രസിഡണ്ട് എ.വി.ഹരിഹര സുധന്‍ ചെയര്‍മാനും ഉദുമ ക്കാര്‍ കൂട്ടായ്മ സെക്രട്ടറി ഫറൂഖ് കാസ്മി കണ്‍വീനറുമായ വികസന ആക്ഷന്‍ കമ്മിറ്റി ആദ്യഘട്ടമെന്ന നിലയില്‍ പ്രശ്‌നം ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ഉദുമ ടൗണില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, വ്യാപാരികള്‍, ബഹുജനങ്ങള്‍, തൊഴിലാളി സംഘടനകള്‍ ,ഓട്ടോ-ടാക്‌സി തൊഴിലാളികള്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ഉദുമ ക്കാര്‍ കൂട്ടായ്മ അംഗങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ച് പ്രതീകാത്മക മനുഷ്യ ഡിവൈഡര്‍ തീര്‍ത്തിരുന്നു. അന്നേ ദിവസം തന്നെ ജനകീയ ഒപ്പുശേഖരണവും നടത്തിയിരുന്നു. ആയിരങ്ങള്‍ ചാര്‍ത്തിയ പ്രതിഷേധ കൈയൊപ്പ് അടക്കമുള്ള നിവേദനം കഴിഞ്ഞ ദിവസം വികസന ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് നല്‍കിയിരുന്നു. കെ.എസ്.ടി പി. റോഡ് പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഉദുമയിലെത്തിയ ലോകബാങ്ക് സംഘത്തിനും നേരത്തെ പരാതി നല്‍കിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad