കുമ്പള :(www.evisionnews.in)കുഴികൾ ഗർത്തങ്ങളായി രൂപാന്തരപ്പെട്ട് ദേശീയപാതയിലൂടെയുള്ള യാത്ര നരകതുല്യമായിക്കൊണ്ടിരിക്കുമ്പോൾ പ്രശ്‌നപരിഹാരത്തിന് അടിയന്തിര നടപടി സ്വീകരിക്കുന്നതിന് പകരം ദേശീയപാതാ അധികൃതർ റോഡിൽ പിടഞ്ഞു വീണു മരിക്കുന്ന രക്തസാക്ഷികൾക്കായി കാത്തിരിക്കുകയാണെന്ന് ആക്ഷേപമുയരുന്നു.കഴിഞ്ഞ കാലങ്ങളിലൊക്കെ അധികൃതർ സ്വീകരിച്ച നിലപാടുകളാണ് ഇപ്പോൾ ജനരോഷത്തിന് കാരണമായിരിക്കുന്നത്. ദേശീയപാതയിൽ എങ്ങും മരണക്കുഴികളാണുള്ളത്. ചിലയിടത്ത് സന്നദ്ധ സംഘടനകൾ കല്ലും, മണ്ണുമിട്ട് മൂടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതിനു അൽപായുസ്സാണുള്ളത്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് നിത്യ സംഭവമായിട്ടുണ്ട്. കുഴിയിലും ഗർത്തങ്ങളിലും പെട്ട് റോഡിലേക്ക് മറിഞ്ഞു വീണാണ് അപകടമുണ്ടാവുന്നത്. കുഴികളെ വെട്ടിക്കാൻ ശ്രമിക്കുന്നതും പലപ്പോഴും വലിയ അപകടത്തിലേക്ക് ചെന്ന് വീഴുന്നു.കാസർകോട് , തലപ്പാടി ദേശീയപാതയിൽ വൻ കുഴികൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ട് നാളേറെയായി. യഥാസമയം നന്നാക്കാൻ കൂട്ടാക്കാതെ രക്തസാക്ഷികൾക്കായി അധികൃതർ കാത്തിരിക്കുന്നതാണ് ഇപ്പോൾ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. റോഡ് ഉപരോധം പോലുള്ള സമരങ്ങൾക്ക് ഒരുങ്ങുകയാണ് ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും.
Post a Comment
0 Comments