Type Here to Get Search Results !

Bottom Ad

കോഴ: എം.ടി. രമേശിനു പങ്കില്ലെന്ന് ബിജെപി, നസീറിനെതിരെ നടപടിക്കു ശുപാര്‍ശ


തിരുവനന്തപുരം: (www.evisionnews.in) ബിജെപി കേരള ഘടകത്തെ പിടിച്ചുകുലുക്കിയ കോഴ ആരോപണത്തില്‍ അടിസ്ഥാനമില്ലെന്ന് പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് അംഗം പി.എസ്.ശ്രീധരന്‍പിള്ള. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ തെറ്റായ പ്രചരണമാണ് നടക്കുന്നത്. ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ്. വിനോദ് ഒരു ക്രിമിനല്‍ (അഴിമതിയെന്നു പറയാതെ ക്രിമിനല്‍) കുറ്റമാണ് ചെയ്തത്. കുറ്റക്കാരനാണെന്ന് അറിഞ്ഞ നിമിഷം തന്നെ വിനോദിനെ പുറത്താക്കി. അയാളെ സംരക്ഷിക്കാനല്ല പാര്‍ട്ടി ശ്രമിച്ചത്. കുറ്റക്കാരനെ പുറത്താക്കി ഒരു നല്ല മാതൃകയാണ് ബിജെപി സൃഷ്ടിച്ചതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

വ്യക്തിനിഷ്ഠമായ കുറ്റമാണ് നടന്നത്. അതിനോട് എങ്ങനെ ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രതികരിക്കുന്നുവെന്നതാണ് ശ്രദ്ധേയം. അഴിമതിയോട് സന്ധിചേരാന്‍ ബിജെപിക്കു സാധിക്കില്ലെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. സംശുദ്ധ ജീവിതത്തിന്റെ ഉടമയായ, ഒരു കാപട്യവും കാണിക്കാത്ത ബിജെപി സംസ്ഥാന നേതാവിനുനേരെയും ആക്ഷേപം ഉയര്‍ന്നുവെന്ന് എം.ടി. രമേശിന്റെ പേരുപറയാതെ ശ്രീധരന്‍ പിള്ള സൂചിപ്പിച്ചു. എം.ടി. രമേശിന് ഇടപാടില്‍ പങ്കില്ലെന്ന് 101 ശതമാനം ഉറപ്പാണ്. പൊലീസിന്റെ ഏത് അന്വേഷണവുമായും ബിജെപി സഹകരിക്കും. അന്വേഷണ കമ്മിഷന്‍ അംഗമായിരുന്ന എ.കെ. നസീറിനെതിരെ നടപടിക്ക് കേന്ദ്രനേതൃത്വത്തോട് ശുപാര്‍ശ ചെയ്യുമെന്നും ബിജെപി നേതാവ് അറിയിച്ചു.

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സത്യം കണ്ടെത്തണം. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേ. ആരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും പുറത്തുകൊണ്ടുവരണം. ഒരു പാര്‍ട്ടി കുറ്റം ചെയ്യുന്നതും ഒരു വ്യക്തി ചെയ്യുന്നതും രണ്ടാണ്. കുറ്റം ചെയ്തുകഴിഞ്ഞാല്‍ വ്യക്തിയെ പാര്‍ട്ടി സംരക്ഷിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. ഈ സംഭവം വിവാദമാക്കിയതിനു പിന്നില്‍ ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ഒരു മാധ്യമത്തെയും രാഷ്ട്രീയ പാര്‍ട്ടിയെയും കുറ്റപ്പെടുത്തുന്നില്ല. റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും. അഖിലേന്ത്യാതലത്തില്‍ ഭരണഘടന അനുസരിച്ച് നടപടി സ്വീകരിക്കും. എല്ലാ തരത്തിലുമുള്ള അന്വേഷണം നടത്തി. അതിനുശേഷമാണ് വിനോദിനെതിരെ നടപടിയെടുത്തത്. തെറ്റു വന്നാല്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ബിജെപിയുടെ നടപടി മാതൃകയാണ് ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad