പാലക്കുന്ന്: (www.evisionnews.in) മുദിയക്കാല്‍, കുതിരക്കോട്ടെ മഞ്‌ജേഷി(21)നെ റിസോര്‍ട്ടിലെ മഴ വെള്ള സംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 2015 ജൂലായ് 18ന് ആണ് മഞ്‌ജേഷിനെ വയനാട്, വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിലെ മഴവെള്ള സംഭരണിയുടെ മധ്യഭാഗത്തുള്ള ആള്‍മറയുള്ള കിണറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയെങ്കിലും മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ എന്തെങ്കിലും കാര്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറികൊണ്ട് സര്‍ക്കാര്‍ ഉത്തരവായത്. ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ഷൈജുവാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം വൈത്തിരിയിലെ റിസോര്‍ട്ടിലെത്തി പ്രാഥമിക പരിശോധന നടത്തി. കൂടുതല്‍ അന്വേഷണത്തിനും മൊഴിയെടുക്കുന്നതിനുമായി ഉടന്‍ മഞ്‌ജേഷിന്റെ കുതിരക്കോട്ടെ വീട്ടിലെത്തി വീട്ടുകാരില്‍ നിന്നു മൊഴിയെടുക്കുമെന്ന് ഇന്‍സ്‌പെക്ടര്‍ ഷൈജു പറഞ്ഞു. മതിലുള്ള കിണറില്‍ ഒരിക്കലും അബദ്ധത്തില്‍ വീണുമരിക്കാന്‍ സാധ്യതയില്ലെന്നും കൊലപാതകമാകാനാണ് സാധ്യതയെന്നും മുദിയക്കാലില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മറ്റി ആരോപിച്ചിരുന്നു. വിഷയം കെ കുഞ്ഞിരാമന്‍ എം എല്‍ എ നിരവധി തവണ നിയമസഭയില്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയത്. ജില്ലാ ക്രൈംബ്രാഞ്ചും മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാതെ ഒത്തുകളിക്കുകയായിരുന്നുവെന്നു ആക്ഷന്‍ കമ്മറ്റി ആരോപിച്ചു. തുടര്‍ പ്രക്ഷോഭത്തിനു ഒരുങ്ങുന്നതിനിടയിലാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി കൊണ്ട് ആഭ്യന്തരവകുപ്പ് ഉത്തരവായത്.
മഞ്‌ജേഷിന്റെ മൃതദേഹം കാണപ്പെട്ട കിണറിനു സമീപത്തു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടതും മാനേജറെ വിദേശത്തേയ്ക്ക് പറഞ്ഞയച്ചതും മരണത്തിലുള്ള ദുരൂഹത വര്‍ധിപ്പിക്കുന്നതായി ആക്ഷന്‍ കമ്മറ്റി ആരോപിച്ചു.
റിസോര്‍ട്ട് ഉടമയുമായുള്ള ഒത്തുകളിയാണ് അന്വേഷണം എങ്ങുമെത്താതിരിക്കാന്‍ കാരണമെന്ന് ആക്ഷന്‍ കമ്മറ്റി രക്ഷാധികാരി മധു മുദിയക്കാല്‍ പറഞ്ഞു.
Post a Comment
0 Comments