കുമ്പള : ബന്ധുവായ യുവതിയുടെ ഫോട്ടോ ആവശ്യപ്പെട്ട് വസ്ത്രക്കട ജീവനക്കാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ രണ്ടുപേരെ കുമ്പള അഡീ.എസ് ഐ സി വി സദാശിവന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. അംഗഡിമുഗറിലെ ഇര്‍ഷാദ് (23), അല്‍ത്താഫ് (22) എന്നിവരാണ് അറസ്റ്റിലായത്. പുത്തിഗെയിലെ ഫൈസലി(41)നെ ബലമായി പിടിച്ചു കാറില്‍ കയറ്റി കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്.
രാത്രി 10 മണിയോടെ റിട്‌സ് കാറില്‍ എത്തിയ പ്രതികള്‍ ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു വിളിച്ചിറക്കിയതെന്നു മുഹമ്മദ് ഫൈസല്‍ പറഞ്ഞു. അതിനു ശേഷം കാറില്‍ കയറ്റി കൊണ്ടുപോവുകയും പെരുന്നാള്‍ പറമ്പിലെ ആള്‍ താമസമില്ലാത്ത വീട്ടിലെത്തിച്ച് ബന്ദിയാക്കിയ ശേഷം മര്‍ദ്ദിച്ചു അവശനാക്കിയെന്നും കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുമായുള്ള ബന്ധത്തിനു തടസം നിന്നാല്‍ കൊന്നുകളയുമെന്നായിരുന്നുവത്രേ ഭീഷണി. പിന്നീട് വീട്ടിനു സമീപത്തെത്തിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നുവത്രേ. സംഭവം സംബന്ധിച്ച് ജില്ലാ പൊലീസ് ചീഫിനു പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കുമ്പള പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റു ചെയ്തത്.
Post a Comment
0 Comments