Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടല്‍; നഴ്‌സുമാരുടെ പണിമുടക്ക് മാറ്റിവച്ചു



തൃശൂര്‍ : (www.evisionnews.in) സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന നഴ്‌സുമാരുടെ സമരം മാറ്റിവച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതിനെത്തുടര്‍ന്നാണു സമരം മാറ്റിവച്ചത്. 19ന് നടത്തുന്ന ചര്‍ച്ചയില്‍ നഴ്‌സുമാര്‍ക്ക് അനുകൂല തീരുമാനം ആയില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) അറിയിച്ചു. സെക്രട്ടേറിയറ്റിനു മുന്നില്‍ 21ന് നടത്താനിരിക്കുന്ന സമരത്തില്‍നിന്ന് തല്‍ക്കാലം പിന്നോട്ടില്ല. 19ലെ ചര്‍ച്ചയ്ക്കുശേഷമേ അതില്‍ തീരുമാനം ഉണ്ടാകുകയുള്ളൂയെന്നും യുഎന്‍എ അറിയിച്ചു.

സമരം മാറ്റിവച്ചാല്‍ ചര്‍ച്ചയാകാമെന്നു നഴ്‌സുമാരോടു സര്‍ക്കാര്‍ രാവിലെ വ്യക്തമാക്കിയിരുന്നു. അനിശ്ചകാല സമരം തുടങ്ങാനിരിക്കുന്ന സാഹചര്യത്തിലാണു സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്. അടിസ്ഥാന ശമ്പളം 20,000 രൂപയാക്കണമെന്നാണു നഴ്‌സുമാരുടെ ആവശ്യം. എന്നാല്‍ 17,000 രൂപ വരെ നല്‍കാമെന്ന നിലപാടിലാണു സര്‍ക്കാര്‍. അതിനിടെ, യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികളും അംഗങ്ങളും സമരത്തില്‍നിന്നു വിട്ടു നില്‍ക്കണമെന്നു ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ആരോഗ്യ സേവന മേഖലയില്‍ നേരത്തെ 'എസ്?മ' പ്രഖ്യാപിച്ചിട്ടുള്ളതാണെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍, എസ്മയ്‌ക്കെതിരെ കൂട്ടഅവധി ഉള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങളും ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ സാധ്യതകളും പരിഗണിക്കുമെന്ന നിലപാടിലാണു നഴ്‌സുമാര്‍. സമരം നടത്തുമെന്നും അവര്‍ വ്യക്തമാക്കുന്നു. ശമ്പള വര്‍ധനയാവശ്യപ്പെട്ട് ആഴ്ചകളായി നഴ്‌സുമാര്‍ സമരം നടത്തുകയാണ്. അത്യാഹിത വിഭാഗത്തില്‍നിന്നടക്കമുള്ള നഴ്‌സുമാരെ പിന്‍വലിച്ചു സമരം ശക്തമാക്കുന്നതിനാണ് അവരുടെ തീരുമാനം. സമരം ആരംഭിക്കുന്ന തിങ്കളാഴ്ച മുതല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കുറയ്ക്കുമെന്നു മാനേജ്‌മെന്റുകളും വ്യക്തമാക്കിയിരുന്നു. അത്യാഹിത വിഭാഗങ്ങള്‍ മാത്രമാണു പ്രവത്തിക്കുകയെന്നും അവര്‍ അറിയിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad