തിരുവനന്തപുരം : (www.evisionnews.in) ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ 'ബി' നിലവറ തുറക്കേണ്ടെന്ന നിലപാടിലുറച്ച് തിരുവിതാംകൂര്‍ രാജകുടുംബം. മുന്‍പ് ഒന്‍പതു തവണ 'ബി' നിലവറ തുറന്നിട്ടുണ്ടെന്ന സുപ്രീംകോടതി വിലയിരുത്തല്‍ തെറ്റാണ്. നിലവറ തുറക്കുന്നതിനെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്നും രാജകുടുംബാംഗം ആദിത്യവര്‍മ പറഞ്ഞു. സ്വത്ത് മൂല്യനിര്‍ണയത്തിനായി പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാനാണ് സുപ്രീംകോടതി നിര്‍ദേശം. രാജകുടുംബവുമായി ആലോചിച്ച് ഇതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ അമിക്കസ് ക്യൂറിയോട് നിര്‍ദേശിച്ചെങ്കിലും നിലവറ തുറക്കേണ്ടന്ന നിലപാടില്‍ മാറ്റമില്ലെന്ന് രാജകുടുംബം വ്യക്തമാക്കി.
ബി നിലവറക്ക് രണ്ട് ഭാഗമുണ്ട്. അതിലൊന്ന് മാത്രമാണ് തുറന്നിട്ടുള്ളത്. അതിനാല്‍ ഒന്‍പതു തവണ ബി നിലവറ തുറന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. ബി നിലവറ ഇതുവരെയും തുറക്കാത്തതിന് അതിന്റേതായ കാരണമുണ്ട്. അത്തരം കാര്യങ്ങള്‍ അമിക്കസ് ക്യൂറിയെയും സുപ്രീംകോടതിയെയും ബോധ്യപ്പെടുത്താനാകുമെന്ന വിശ്വാസത്തിലാണ് രാജകുടുംബം. അതേസമയം നിലവറ തുറക്കണമെങ്കില്‍ സ്‌ഫോടനം വേണ്ടിവരുമെന്നതടക്കമുള്ള പ്രചാരണങ്ങള്‍ അറിവില്ലായ്മ മൂലമാണെന്നും രാജകുടുംബാഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
ബി നിലവറയെന്ന നിഗൂഢരഹസ്യം
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരതക്കോണിലാണ് ഇതുവരേയും തുറന്നു പരിശോധിക്കാത്ത ബി നിലവറ. അഗസ്ത്യ മുനിയുടെ സമാധി സങ്കല്‍പ്പവും ഇവിടെയുണ്ട്. രണ്ടു തട്ടാണു ബി നിലവറയിലുള്ളത്. ഇതില്‍ രണ്ടാമത്തെ അറ ഗര്‍ഭഗൃഹത്തിന്റെ അടിഭാഗം വരെ എത്തുമെന്നാണു വിശ്വാസം. ചരിവു പ്രതലത്തിലൂടെ ആയാസപ്പെട്ടു മാത്രമേ ഇവിടേക്കു കടക്കാന്‍ കഴിയൂ. കൂടാതെ കൂറ്റന്‍ കരിങ്കല്‍ പാളികള്‍ ഉപയോഗിച്ചു രണ്ടാമത്തെ അറയിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. സ്വര്‍ണം, വെള്ളി കട്ടകളും പന്ത്രണ്ടോളം ഇരുമ്പു ജാറുകളില്‍ നിറയെ സ്വര്‍ണ നാണയങ്ങളും ആഭരണങ്ങളും സ്വര്‍ണ മണികളും ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്നാണു കേഴ്വി.
എല്ലാ അറകളും തുറന്നു കണക്കെടുപ്പു നടത്താനുള്ള കോടതി വിധിക്കു വിധേയമായി ബി അറയും തുറക്കാന്‍ ശ്രമിച്ചിരുന്നു. ഇതു ഭാഗികമായി മാത്രമേ വിജയിച്ചുള്ളൂ. ആദ്യ വാതിലിനകത്തുള്ള ഉരുക്കു വാതിലിന്റെ പൂട്ടുതുറന്ന് അറയിലേക്കു കടക്കാന്‍ കഴിയാതിരുന്നതുകൊണ്ടാണു ബി നിലവറ മറ്റു നിലവറകള്‍ക്കൊപ്പം തുറക്കാന്‍ കഴിയാതിരുന്നത്. തൃക്കോവിലിന്റെയും വിഗ്രഹത്തിന്റെയും പവിത്രതയെ ബാധിക്കുമെന്നതിനാലാണ് നിലവറ തുറക്കുന്നതിനെ എതിര്‍ക്കുന്നതെന്നാണ് രാജകുടുംബത്തിന്റെ ഭാഷ്യം.
Post a Comment
0 Comments