കാസര്‍കോട് (www.evisionnews.in): ജില്ലയുടെ സ്വപ്നപദ്ധതിയായ ബാവിക്കര സ്ഥിരം തടയണയുടെ തുടര്‍നിര്‍മാണത്തിനുള്ള പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതിയായി. ചെറുകിട ജലസേചന വകുപ്പു നല്‍കിയ 27.75 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. ഇനി സാങ്കേതികാനുമതി കൂടി ലഭിച്ചാല്‍ ടെന്‍ഡറിലേക്ക് കടക്കാം. ചെറുകിട ജലസേചന വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയറാണ് ടെന്‍ഡര്‍ നടത്തേണ്ടത്.
വന്‍ തുകയുടെ പദ്ധതി ആയതിനാല്‍ ആദ്യം പ്രീക്വാളിഫിക്കേഷന്‍ ടെന്‍ഡര്‍ നടത്തിയ ശേഷമായിരിക്കും ടെന്‍ഡര്‍ നടത്തുക. സാങ്കേതികാനുമതി വേഗത്തില്‍ ലഭിച്ചാല്‍ ടെന്‍ഡര്‍ നടപടികള്‍ പെട്ടെന്നു പൂര്‍ത്തിയാക്കി അടുത്ത സീസണില്‍ പണി തുടങ്ങുകയാണ് അധികൃതരുടെ ലക്ഷ്യം. ആദ്യം തയാറാക്കിയ രൂപരേഖയില്‍ നിന്നു വ്യത്യസ്തമായി ശേഷിക്കുന്ന ഭാഗം മുഴുവന്‍ ഇരുമ്പുഷട്ടറുകളായിരിക്കും നിര്‍മിക്കുക. ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയായ ഭാഗത്തു ഫൈബര്‍ റീഇന്‍ഫോഴ്‌സ്‌മെന്റ് പ്ലാസ്റ്റിക് പലകകളും ഉപയോഗിക്കും. ഇപ്പോഴുണ്ടായതു പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഒറ്റ സീസണില്‍ പണി പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്നാണ് അധികൃതര്‍ ചിന്തിക്കുന്നത്. നീരൊഴുക്ക് കൂടിയ പുഴ ആയതിനാല്‍ വേനല്‍ക്കാലത്ത് നാലുമാസം മാത്രമേ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുകയുള്ളൂ. 2005ല്‍ അന്നത്തെ ജലവിഭവമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് തടയണയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. എന്നാല്‍ ഒരു വര്‍ഷത്തിനകം നിര്‍മാണം നിലച്ചു.
പിന്നീട് എസ്റ്റിമേറ്റ് പുതുക്കി വീണ്ടും ടെന്‍ഡര്‍ നടത്തുകയും പുതിയ കരാറുകാരന്‍ 2012ല്‍ പണി പുനരാരംഭിക്കുകയും ചെയ്തു. വീണ്ടും മാസങ്ങള്‍ക്കകം നിര്‍മാണം നിര്‍ത്തിവച്ചു. 2005ല്‍ നിര്‍മാണം തുടങ്ങിയപ്പോള്‍ പുഴയുടെ പകുതി ഭാഗത്തെ ഒഴുക്കു മണ്ണിട്ടു തടസ്സപ്പെടുത്തി വെള്ളം മുഴുവന്‍ മറുപകുതിയിലൂടെ ഒഴുക്കിവിട്ടിരുന്നു. ഇതിനാല്‍ ആ ഭാഗത്ത് പുഴയുടെ അടിത്തട്ട് ക്രമാതീതമായി താഴ്ന്നതിനെ തുടര്‍ന്നു നേരത്തേ തയാറാക്കിയ രൂപരേഖ പ്രകാരം നിര്‍മാണം നടത്താന്‍ കഴിയാത്തതാണ് നിര്‍ത്തിവയ്ക്കാനിടയാക്കിയത്. സര്‍ക്കാരിന്റെ ഇച്ഛാശക്തിയും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ശക്തമായ ഇടപെടലുമാണ് ഉയര്‍ന്ന തുകയായിട്ടും എസ്റ്റിമേറ്റിനു ഇപ്പോള്‍ ഭരണാനുമതി ലഭിക്കാനിടയാക്കിയത്.
Post a Comment
0 Comments