കാസര്‍കോട്: ജിഎസ്ടി നടപ്പിലായതോടെ നിരവധി സാധനങ്ങളുടെ വിലയില്‍ കുറവുണ്ടായിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടിയുടെ മറവില്‍ വിലകൂട്ടി വിറ്റാല്‍ അത്തരക്കാര്‍ക്കെതിരെ കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു. ജിഎസ്ടി നടപ്പിലായിട്ടും പലസാധനങ്ങള്‍ക്കും വില കുറയ്ക്കാന്‍ കടയുടമകള്‍ തയ്യാറാകുന്നില്ലെന്ന പരാതികള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
കോഴിയിറച്ചിക്ക് തിങ്കളാഴ്ച മുതല്‍ വില കുറയുമെന്നും കിലോയ്ക്ക് 87 രൂപയ്ക്ക് മേല്‍ വിറ്റാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജിഎസ്ടിയില്‍ കോഴിയിറച്ചിക്ക് നികുതിയില്ല. എന്നിട്ടും സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വിലയില്‍ കുറവ് ഉണ്ടായിട്ടില്ല. ഇതിനെത്തുടര്‍ന്നാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തിങ്കളാഴ്ച മുതല്‍ കോഴിയിറച്ചി 87 രൂപയ്ക്ക് വില്‍ക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
ജിഎസ്ടിയിലൂടെ നിരവധി സാധനങ്ങള്‍ക്ക് വിലകുറഞ്ഞിട്ടുണ്ട്. സപ്ലൈകോയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുറച്ചിട്ടുണ്ട്. 52 ഇനങ്ങളുടെ വിലയാണ് സപ്ലൈകോ കുറച്ചിരിക്കുന്നത്. വില കുറക്കാന്‍ കടയുടമകള്‍ തയ്യാറാകുന്നില്ലെങ്കില്‍ ജനങ്ങള്‍ ഇടപെടണം. മന്ത്രി പറഞ്ഞു. എംആര്‍പി വിലയില്‍ കൂടുതല്‍ വാങ്ങരുതെന്ന് മന്ത്രി വില്‍പ്പനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ജൂലൈ ഒന്ന് മുതലാണ് രാജ്യവ്യാപകമായി ജിഎസ്ടി എന്ന ഒറ്റ നികുതി ഘടന നിലവില്‍ വന്നത്. ജിഎസ്ടിയിലേക്ക് മാറിയതോടെ പല സാധനങ്ങള്‍ക്കും നികുതി ഇല്ലാതാവുകയോ പഴയ നികുതിയില്‍ നിന്ന് കുറവ് വരുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരം സാധനങ്ങളുടെ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. കൂടാതെ ഹോട്ടലുകള്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് തോന്നുംപടി വില ഈടാക്കുന്നതും തുടരുകയാണ്. ഇത്തരം സംഭവങ്ങള്‍ വിവാദമായതോടെ മന്ത്രി നേരത്തെയും ഇടപെടല്‍ നടത്തിയിരുന്നു.
Post a Comment
0 Comments