തിരുവനന്തപുരം : (www.evisionnews.in) ഗോമാതാവിനും കാളപിതാവിനും വേണ്ടി ഡാര്‍വിനെ വെല്ലുന്ന സിദ്ധാന്തമാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നതെന്നു വി.എസ്.അച്യുതാനന്ദന്‍. കന്നുകാലി വില്‍പന നിരോധിച്ച കേന്ദ്ര വിജ്ഞാപനത്തില്‍ ചര്‍ച്ച നടത്തുന്നതിനായി വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കന്നുകാലി കശാപ്പു സംബന്ധിച്ച കേന്ദ്ര വിജ്ഞാപനം ശുദ്ധതട്ടിപ്പാണെന്നു പറഞ്ഞ വിഎസ്, നരേന്ദ്ര മോദി വല്ലപ്പോഴും ഇന്ത്യയിലേക്കു വരുമ്പോള്‍ കേരള ജനതയുടെ വികാരം പറഞ്ഞുകൊടുക്കണമെന്നും ഒ.രാജഗോപാലിനോട് പറഞ്ഞു.
പശുപരിപാലനത്തിന്റെ ബാലപാഠങ്ങള്‍ അറിയാത്തവരാണ് ഈ വിജ്ഞാപനം തയാറാക്കിയത്. കാളപിതാവിനും ഗോമാതാവിനും വേണ്ടി പുതിയ സിദ്ധാന്തങ്ങള്‍ ചമയ്ക്കുകയാണ് ബിജെപി. അദാനിയെയോ അംബാനിയെയോ പോലുള്ള വന്‍കിടക്കാര്‍മാത്രം മാംസവ്യാപാരം നടത്തിയാല്‍ മതിയെന്ന ലഭ്യത്തോടെയാണ് മോദി സര്‍ക്കാര്‍ ഇത്തരമൊരു വിജ്ഞാപനം കൊണ്ടുവന്നത്. കാളകളെ വന്ധ്യംകരിച്ചാല്‍ അത് ഗോമാതാവിനു ബുദ്ധിമുട്ടാകുമെന്നതിനാലാണ് ബിജെപി അതിനെ എതിര്‍ക്കുന്നത്.
കശാപ്പുശാലകളുടെ നടത്തിപ്പ് സഹകരണ മാതൃകയിലാക്കാന്‍ സാധിക്കുമോയെന്ന് പരിശോധിക്കണം. ബീഫില്‍നിന്ന് മൂല്യവര്‍ധിത വിഭവങ്ങളുണ്ടാക്കി കയറ്റുമതി ചെയ്ത് അധികവരുമാനം കണ്ടെത്തണം. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരുടെ പേരില്‍ കരയുകയും അവരുടെ ശവപ്പെട്ടി കച്ചവടം ചെയ്യാന്‍ കമ്മിഷന്‍ വാങ്ങുകയും ചെയ്ത ബിജെപി വന്‍കിട കശാപ്പു മതുലാളിമാരില്‍നിന്ന് ലാഭം പറ്റാനാണ് ഇപ്പോള്‍ ഗോമാതാവിനായി കണ്ണീര്‍ പൊഴിക്കുന്നത്.
തെരുവു നായ്ക്കളുടെ വന്ധ്യംകരണവും കാളകളുടെ വന്ധ്യംകരണവും ഗോമാതാവിനോടുള്ള അതിക്രമമായാണ് ചില കള്ളസന്യാസിമാര്‍ കണക്കാക്കുന്നത്. അത്തരം ചില സന്ന്യാസിമാര്‍ വന്ധ്യംകരിക്കപ്പെട്ടത് ഈ അടുത്തകാലത്താണല്ലോ. ഈ പോക്കുപോയാല്‍ ബിജെപിയുടെ കാര്യത്തില്‍ അടുത്തുതന്നെ ഒരു തീരുമാനമാകും. പ്രധാനമന്ത്രി ഇതുവല്ലതും അറിയുന്നുണ്ടോ എന്തോ. വല്ലപ്പോഴും ഇന്ത്യയിലെത്തുമ്പോള്‍ നമ്മുടെ ബിജെപി എംഎല്‍എ കേരളത്തിന്റെ വികാരം അദ്ദേഹത്തോടു പറഞ്ഞു കൊടുക്കണം. യൂറോപ്പില്‍ ചുറ്റിത്തിരിയുമ്പോള്‍ നല്ല സ്വയമ്പന്‍ ബീഫ് തിന്നിട്ട് ഇവിടെവന്ന് ഗോസംരക്ഷണം... ഗോസംരക്ഷണം.. എന്ന് പറയുകയാണ്. അതുകേട്ട് തുള്ളച്ചാടാന്‍ കുറച്ച് ശിങ്കിടികളും.
ബിജെപി എന്ന ട്രോജന്‍ കുതിരയുടെ ഉള്ളില്‍ സംഘപരിവാറിന്റെ കുറുവടിക്കാരാണുള്ളതെന്നുള്ള തെളിവാണ് എകെജി ഭവനില്‍ കണ്ടത്. നാം ചര്‍ച്ച ചെയ്ത പ്രശ്‌നങ്ങള്‍ സഭയിലെ ബിജെപി അംഗം നേതൃത്വത്തെ അറിയിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും വിഎസ് സഭയില്‍ പറഞ്ഞു
Post a Comment
0 Comments