Type Here to Get Search Results !

Bottom Ad

കേന്ദ്ര സംസ്ഥാന സര്‍ക്കാറിന്റെ തെറ്റായ നയത്തിനെതിരെ യു.ഡി.എഫ് ജനകീയ സദസ് 15ന്

കാസര്‍കോട് (www.evisionnews.in): മദ്യമുതലാളിമാരും ഇടതുമുന്നണിയുമായി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ അവിശുദ്ധ കൂട്ടുകെട്ടിന്റെ സന്തതിയാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയമെന്ന് യു.ഡി.എഫ് ജില്ലാ നേതൃയോഗം വിലയിരുത്തി. ജനങ്ങളുടെ കാര്യങ്ങള്‍ ശരിയാക്കുന്നതില്‍ തികച്ചും പരാജയപ്പെട്ട സര്‍ക്കാരിന് മദ്യകച്ചവടക്കാരുടെ കാര്യങ്ങള്‍ ശരിയാക്കിയെന്ന് മാത്രം മേനിപറയാനാകും. മദ്യശാലകളുടെ എണ്ണം വ്യാപകമാക്കിയും മദ്യ ഉപയോഗത്തിനുളള സന്ദര്‍ഭത്തിനും സാഹചര്യത്തിനും കളമൊരുക്കിയും തയ്യാറാക്കിയ ഈ മദ്യനയം ലക്ഷ്യമിടുന്നത് മദ്യവര്‍ജ്ജനമാണെന്ന അവകാശവാദം പൊള്ളത്തരമാണ്. മദ്യ ഉപയോഗം വ്യാപകമാക്കാന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ട് മദ്യവര്‍ജ്ജനത്തെക്കുറിച്ച് പറയുന്നത് ഏറെ വിചിത്രവും പരിഹാസവുമാണ്. 

മനുഷ്യന്‍ എന്ത് കഴിക്കണമെന്നുപോലും തീരുമാനിക്കുന്ന ഒരു സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്. ഇത് ജനങ്ങളുടെ ആഹാരരീതിയിലുളള കടന്നുകയറ്റമാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നയത്തിനെതിരെ ജൂണ്‍ പതിനഞ്ചിന് മണ്ഡലംതലങ്ങളില്‍ ജനകീയ സദസ്സ് സംഘടിപ്പിക്കും. മഞ്ചേശ്വരത്ത് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണനും കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ചെര്‍ക്കളം അബ്ദുളളയും ഉദുമ പൊയ്നാച്ചിയില്‍ പി. കോരന്‍ മാസ്റ്ററും കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നിലും തൃക്കരിപ്പൂരില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീനും ഉദ്ഘാടനം ചെയ്യും.

യോഗത്തില്‍ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുളള അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി. ഗംഗാധരന്‍ നായര്‍ സ്വാഗതം പറഞ്ഞു. സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കെ.പി. കുഞ്ഞിക്കണ്ണന്‍, പി.ബി.അബദുള്‍ റസാഖ് എം.എല്‍.എ., ഹക്കിം കുന്നില്‍, എം.സി. ഖമറുദ്ധീന്‍, കെ. നീലകണ്ഠന്‍, അഡ്വ: സി.കെ. ശ്രിധരന്‍, കല്ലട്ര മാഹിന്‍ ഹാജി, പി.എ.അഷറഫലി, അഡ്വ:എ.ഗോവിന്ദന്‍ നായന്‍, കരിവെള്ളൂര്‍ വിജയന്‍, എ. ഗോവിന്ദന്‍ നായര്‍ , എം.സി ജോസ്, എ.വി. രാമകൃഷ്ണന്‍, ഹരീഷ് ബി.നമ്പ്യാര്‍, വി.കമ്മാരന്‍, പി.കെ. ഫൈസല്‍ , എ.എം. കടവത്ത്, കല്ലട്ര അബദുള്‍ ഖാദര്‍, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, എം.അബ്ബാസ്, മഞ്ചുനാഥ ആള്‍വ, വി.കെ.പി.ഹമീദലി, കരിമ്പില്‍ കൃഷ്ണന്‍, ഉബൈദുളള കടവത്ത് എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad