കുമ്പള (www.evisionnews.in): കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മോഷണ സംഭവങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ അന്വേഷണം എങ്ങുമെത്താത്തത് പോലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ച്ചയാണെന്ന് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് വി.പി അബ്ദുല്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി അഷ്‌റഫ് കൊടിയമ്മ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈയടുത്തായി നിരവധി മോഷണ കേസുകളാണ് കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. നേരാവണ്ണം അന്വേഷണം നടത്തുവാനോ കുറ്റക്കാരെ കണ്ടെത്തുവാനോ കഴിയാതെ പോലീസ് ഇരുട്ടില്‍ തപ്പുമ്പോള്‍ മോഷ്ടാക്കള്‍ തലങ്ങുംവിലങ്ങും വിലസുകയാണ്.
ഏതാനും ദിവസം മുമ്പ് കുമ്പള പോലീസ് സ്റ്റേഷന് മൂക്കിന് താഴെ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ കവര്‍ച്ച ശ്രമം നടക്കുകയും കഴിഞ്ഞ ദിവസം കൊടിയമ്മയിലെ സ്വകാര്യ സ്‌കൂളില്‍ നിന്നും ആറ് ലക്ഷത്തോളം രൂപ മോഷണം പോവുകയും ചെയ്തിരുന്നു. പച്ചമ്പളയിലെ മൂന്ന് വീടുകളില്‍ നടന്ന സ്വര്‍ണ്ണ കവര്‍ച്ച കേസുകളില്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് ഏറെ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.
മുന്‍ കാലങ്ങളില്‍ മഴക്കാല മോഷണം തടയുന്നതിന് ആവിഷ്‌കരിച്ച പോലീസ് പട്രോളിംഗ് ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് സന്നദ്ധ സംഘടനകളെ ഉള്‍പ്പെടുത്തിയുള്ള സ്‌ക്വാഡ് പ്രവര്‍ത്തനം ഇത്തരം മോഷണങ്ങള്‍ തടയുന്നതിന് ഏറെ ഗുണം ചെയ്യും. സ്‌ക്വാഡ് പ്രവര്‍ത്തനം പുനരാംരംഭിച്ച് മോഷണം തടയുന്നതിന് പോലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ കൂട്ടിചേര്‍ത്തു. മോഷണ കേസുകളിലെ പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും രാത്രികാല പട്രോളിംഗ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നിവേദനം നല്‍കി.
Post a Comment
0 Comments