ന്യൂഡല്‍ഹി : (www.evisionnews.in) എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. 'പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങളാണ്. ഞാന്‍ വിദേശകാര്യമന്ത്രിയാണ്. എന്നോടു രാജ്യാന്തര കാര്യങ്ങളെക്കുറിച്ചു ചോദിക്കൂ'- സുഷമ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സുഷമ സ്വരാജ് രാഷ്ട്രപതി സ്ഥാനാര്‍ഥിയാണെന്നു റിപ്പോര്‍ട്ടുകള്‍ വന്നതിനു സ്ഥിരീകരണം തേടി മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോഴാണു മന്ത്രിയുടെ പ്രതികരണം.
നിലവില്‍ ഭരണപക്ഷവും പ്രതിപക്ഷവും രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്രമന്ത്രി സുഷമ സ്വരാജ് ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ ബിജെപി പട്ടികയിലുണ്ടെങ്കിലും ആരാകും സ്ഥാനാര്‍ഥിയെന്ന കാര്യത്തില്‍ ഇനിയും അന്തിമതീരുമാനമായിട്ടില്ല. ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിനു പിന്തുണയേറുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യം ഫലത്തില്‍ സുഷമ സ്വരാജിന് അനുകൂലമായി മാറുകയാണ്. ഈ പശ്ചാത്തലത്തിലാണു സുഷമയുടെ മറുപടിയെന്നതു ശ്രദ്ധേയം.
ശിവസേനയുമായും പ്രതിപക്ഷ നിരയിലെ ജനതാദള്‍ (യു) നേതൃത്വവുമായും സുഷമ സ്വരാജിനുള്ള വ്യക്തിപരമായ അടുപ്പം വിജയം ഉറപ്പാക്കാന്‍ സഹായിക്കുമെന്നാണു പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പു സുഷമ സ്വരാജിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്നു ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. മഹാത്മാഗാന്ധിയുടെ ചെറുമകന്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ പ്രതിപക്ഷം തയാറെടുക്കുന്ന പശ്ചാത്തലത്തില്‍ എന്‍ഡിഎ പ്രബല സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെങ്കില്‍ വിജയം ഉറപ്പിക്കാനാകില്ലെന്ന ആശങ്കയും ബിജെപി നേതൃത്വത്തിനുണ്ട്. ആര്‍എസ്എസ് നേതൃത്വവും സുഷമ സ്വരാജിനെ സ്ഥാനാര്‍ഥിയാക്കണമെന്ന താല്‍പര്യം ബിജെപി നേതൃത്വത്തെ ധരിപ്പിച്ചിരുന്നു.
ബിജെപിക്കുള്ളിലെ അവഗണനയില്‍ അസംതൃപ്തനായി കഴിയുന്ന മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനിയെ അനുനയിപ്പിക്കുന്നതിനും സുഷമയുടെ സ്ഥാനാര്‍ഥിത്വം പ്രയോജനപ്പെട്ടേക്കും. പ്രതിസന്ധിഘട്ടങ്ങളിലും അഡ്വാനി പക്ഷത്ത് ഉറച്ചുനിന്ന സുഷമയുടെ സ്ഥാനാര്‍ഥിത്വത്തിന് അഡ്വാനിയുടെ ആശീര്‍വാദമുണ്ടാകും. കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, രാജ്‌നാഥ് സിങ്, അരുണ്‍ ജയ്റ്റ്‌ലി എന്നിവരുള്‍പ്പെട്ട സമിതിയാണു രാഷ്ട്രപതി സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ടു മുന്നണിയിലും പ്രതിപക്ഷത്തുമുള്ള പാര്‍ട്ടികളുമായി ചര്‍ച്ചയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത്.
Post a Comment
0 Comments