Type Here to Get Search Results !

Bottom Ad

കശാപ്പു നിയന്ത്രണം: സ്റ്റേ ഇല്ല, കേന്ദ്രത്തിനു സുപ്രീം കോടതി നോട്ടിസ്


ന്യൂഡല്‍ഹി : (www.evisionnews.in) കശാപ്പിനായുള്ള കന്നുകാലി വില്‍പനയ്ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനു സുപ്രീം കോടതി സ്റ്റേ അനുവദിച്ചില്ല. വിഷയത്തില്‍ കേന്ദ്രത്തിന്റെ കൂടെ അഭിപ്രായം കേട്ടശേഷം നിലപാടെടുക്കാമെന്നു സുപ്രീം കോടതി വ്യക്തമാക്കി.

ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ച കോടതി, വിജ്ഞാപനത്തിന്മേല്‍ കേന്ദ്രസര്‍ക്കാരിനു നോട്ടീസ് അയച്ചു. കേന്ദ്രം രണ്ടാഴ്ചയ്ക്കുള്ളില്‍ നോട്ടിസിനു മറുപടി നല്‍കണം. കേസ് ജൂലൈ 11നു വീണ്ടും പരിഗണിക്കും. ഇക്കഴിഞ്ഞ മേയ് 23നു കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തില്‍ പിഴവുകളുണ്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. കശാപ്പിനു കന്നുകാലി വില്‍പന നിരോധിച്ച വിജ്ഞാപനത്തിനെതിരെ രാജ്യമൊട്ടുക്കു പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍. വിജ്ഞാപനത്തിനെതിരെ കേരളം, മേഘാലയ നിയമസഭകള്‍ പ്രമേയം പാസാക്കിയിരുന്നു.

അതിനിടെ, കശാപ്പിനു കന്നുകാലി വില്‍പന നിരോധിച്ച വിജ്ഞാപനത്തില്‍ വ്യക്തത വരുത്തുമെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അന്തിമ വിജ്ഞാപനത്തില്‍ മാറ്റങ്ങളുണ്ടാകുമെന്നും ജനങ്ങളുടെ ആശങ്ക ദൂരീകരിക്കുംവിധമാകും മാറ്റമെന്നും കേന്ദ്ര വനം-പരിസ്ഥിതിമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണു വിജ്ഞാപനത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പോത്തിറച്ചി മുഖ്യഭക്ഷണമായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധം വ്യാപകമാണ്.

വ്യവസായികളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും വിവിധ എന്‍ജിഒകളില്‍ നിന്നും ലഭിച്ച പരാതികള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരുടെയും ഭക്ഷണക്രമത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നും കശാപ്പു വ്യവസായത്തെ മോശമായി ബാധിക്കണമെന്ന ഉദ്ദേശമില്ലെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു. ജനങ്ങള്‍ എന്തുകഴിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരില്ലെന്നു കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, വെങ്കയ്യ നായിഡു എന്നിവരും അഭിപ്രായപ്പെട്ടിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad