Type Here to Get Search Results !

Bottom Ad

മോദിക്കൊപ്പം കുമ്മനത്തിന്റെ മെട്രോ (വിവാദ) യാത്ര; സമൂഹമാധ്യമങ്ങളില്‍ ട്രോള്‍മഴ


കൊച്ചി : (www,evisionnews.in) കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള മെട്രോ ട്രെയിന്‍ യാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം തുടങ്ങിയവര്‍ക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും യാത്രചെയ്തത് വിവാദമാകുന്നു. സുരക്ഷാ പ്രശ്നങ്ങളും പ്രോട്ടോക്കോളും ചൂണ്ടിക്കാട്ടി മെട്രോ ഉദ്ഘാടന വേദിയില്‍ ഇ. ശ്രീധരനെപ്പോലും ഒഴിവാക്കാന്‍ നീക്കം നടന്നതിനു പിന്നാലെയാണ്, കൊച്ചി മെട്രോയിലെ പ്രധാനമന്ത്രിയുടെ കന്നിയാത്രയില്‍ കുമ്മനവും സഹയാത്രികനായത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും സജീവമാണ്.

അതേസമയം, പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്ന് നല്‍കിയ പട്ടികയനുസരിച്ചാണ് കുമ്മനത്തെ വാഹനവ്യൂഹത്തിലും മെട്രോ യാത്രയിലും ഉള്‍പ്പെടുത്തിയതെന്ന് സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കി. പ്രധാനമന്ത്രിക്കൊപ്പമുള്ള കുമ്മനത്തിന്റെ യാത്ര പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അറിയവോടെയാണെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജും അറിയിച്ചു. ഇതേക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി

കൊച്ചി മെട്രോയില്‍ പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രി, കേന്ദ്ര നഗരവികസന മന്ത്രി, കെഎംആര്‍എല്‍ എംഡി എന്നിവര്‍ ഉണ്ടാകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, പ്രധാനമന്ത്രിയെ നാവികസേനാ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, പാലാരിവട്ടം സ്റ്റേഷന്‍ ഉദ്ഘാടന സമയത്തും ഒന്നാം നിരയില്‍ നിന്നു.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും മെട്രോയില്‍ യാത്ര ചെയ്തപ്പോള്‍ കുമ്മനവും ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിനൊപ്പമിരുന്നു. ഭരണഘടനാ പദവിയോ ജനപ്രതിനിധിയോ അല്ലാത്തയാള്‍ ഉദ്ഘാടനയാത്രയില്‍ പങ്കാളിയായതിന്റെ അനൗചിത്യം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. അതേസമയം, ഇതില്‍ പ്രോട്ടോക്കോള്‍ ലംഘനമോ സുരക്ഷാ പ്രശ്‌നമോ ഉണ്ടെങ്കില്‍ എസ്പിജിയാണ് ചൂണ്ടിക്കാട്ടേണ്ടതെന്ന് കുമ്മനത്തിന്റെ യാത്രയെ അനുകൂലിക്കുന്നവര്‍ പറയുന്നു.

പ്രധാനമന്ത്രിക്ക് അടുത്തറിയാവുന്ന വ്യക്തി എന്ന നിലയില്‍ കുമ്മനം അദ്ദേഹത്തിനൊപ്പം യാത്ര ചെയ്തതില്‍ അപാകത ഇല്ലെന്നാണ് പൊലീസ് അടക്കമുള്ള സുരക്ഷാ ഏജന്‍സികളുടെ ഔദ്യോഗിക വിശദീകരണം. അതേസമയം, മുഖ്യമന്ത്രിയുടെ ഓഫിസ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത മെട്രോ യാത്രയുടെ ചിത്രത്തില്‍നിന്ന് കുമ്മനത്തെ ഒഴിവാക്കി. പ്രധാനമന്ത്രിയുടെ ഓഫിസ് ഇതുള്‍പ്പെടുത്തുകയും ചെയ്തു. എന്തായാലും കൊച്ചിമെട്രോ പദ്ധതിയുടെ പേരിലുള്ള അവകാശം സ്ഥാപിച്ചുകിട്ടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റുമുട്ടുമ്പോള്‍, കുമ്മനത്തിന്റെ യാത്ര പുതിയ വിവാദത്തിലേക്കായി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad