പെരിയ : (www.evisionnews.in) വികസിത ഇന്ത്യ യാഥാര്‍ത്ഥ്യമാക്കുന്നതിന് സര്‍വ്വകലാശാലകളില്‍ നിന്ന് നൂതനമായ ആശയങ്ങളും ഗവേഷണങ്ങളും ഉണ്ടാകണമെന്ന് കേന്ദ്ര മാനവവിഭവശേഷി വികസനവകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. കേരള കേന്ദ്രസര്‍വ്വകലാശാലയുടെ രണ്ടാമത് ബിരുദദാന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നോട്ട് പിന്‍വലിക്കല്‍ മൂലം രാജ്യത്ത്് സാമ്പത്തികമേഖലയിലുണ്ടാക്കിയ ചലനങ്ങള്‍ സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ രംഗത്ത് ഗവേഷണവും പഠനവും അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്ഥായിയായ വികസനത്തിന് പ്രധാന പ്രതിസന്ധി നൂതന ആശയങ്ങളുടെ അഭാവമാണ്. പുതിയ ഗവേഷണങ്ങള്‍ക്കും പുത്തന്‍ ആശയങ്ങള്‍ക്കുമാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. രാജ്യത്തെ 20 സര്‍വ്വകലാശാലകളെ അന്താഷ്ട്രനിലവാരത്തിലേക്കുയര്‍ത്തും.. 10 എണ്ണം പൊതുമേഖലയിലും 10 എണ്ണം സ്വകാര്യമേഖലയിലുമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കൂടുതല്‍ പെണ്‍കുട്ടികള്‍ കടന്നുവരണം. സര്‍വകലാശാലകളില്‍ നല്ല മനുഷ്യനാവുന്നതിനുളള വിദ്യാഭ്യാസമാണ് അടിസ്ഥാനപരമായി നേടേണ്ടത്. ദരിദ്രരായ അനേകായിരങ്ങളുടെ നികുതി പണം കൊണ്ടാണ് ഉന്നതവിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ വര്‍ഷവും സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്നത്. അതിനാല്‍ ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ കര്‍മ്മരംഗത്ത് സാമൂഹികപ്രതിബദ്ധത ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു.
നാനാത്വത്തിലെ ഏകത്വമാണ് ഭാരതസംസ്‌കാരം. കേന്ദ്രസര്‍വ്വകലാശാലയില്‍ വിവിധ സംസ്ഥാനങ്ങളിലുളള അധ്യാപകരും പഠിതാക്കളും ഒത്തുചേരുമ്പോള്‍ നാനാത്വത്തെ ആഘോഷിക്കാനാകണം. പരസ്പര സ്‌നേഹവും സഹവര്‍ത്തിത്വവും ബഹുമാനവും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. സ്റ്റാര്‍ട്ട്അപ് പ്രൊജക്ടുകള്‍ ഇന്‍ക്യുബേറ്റര്‍ സെന്ററുകള്‍ തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍വ്വകലാശാലയോടനുബന്ധിച്ചുളള മെഡിക്കല്‍ കോളേജ് പെരിയയിലാരംഭിക്കണമെന്ന പി കരുണാകരന്‍ എം പി യുടെ ആവശ്യം ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ യോഗത്തില്‍ പറഞ്ഞു. സമ്പന്നമായ സംസ്‌കാരമുളള നാടാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു..
പെരിയ തേജസ്വിനി ഹില്‍സ് കേന്ദ്ര സര്‍വകലാശാല ക്യാമ്പസ്സിലെ ചന്ദ്രഗിരി ഓപ്പണ്‍ എയര്‍ തീയേറ്ററില്‍ നടന്ന ചടങ്ങില്‍ കേന്ദ്രസര്‍വ്വകലാശാല ചാന്‍സലര്‍ ഡോ. വീരേന്ദ്രലാല്‍ ചോപ്ര അധ്യക്ഷത വഹിച്ചു. പി കരുണാകരന്‍ എം പി,സംസാരിച്ചു കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി ഗോപകുമാര്‍ സ്വാഗതം പറഞ്ഞു. കേന്ദ്രസര്‍വ്വകലാശാല രജിസ്ട്രാര്‍ എ രാധാകൃഷ്ണന്‍ നായര്‍ ചാന്‍സിലറെ ബിരുദദാനത്തിന് ക്ഷണിച്ചു. പരീക്ഷ കണ്‍ട്രോള്‍ മുഹമ്മദുണ്ണിി ഏലിയാസ് മുസ്തഫ നന്ദി പറഞ്ഞു. വിവിധ വകുപ്പുകളിലെ ഡീന്‍സ്, എക്‌സിക്യുട്ടീവ് കൗണ്‍സില്‍, അക്കാദമിക് കൗണ്‍സില്‍, കോര്‍ട്ട്, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷാകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 550 ഓളം വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങാണ് സംഘടിപ്പിച്ചത്.
Post a Comment
0 Comments